സച്ചിന്‍ വിരമിച്ചില്ലായിരുന്നെങ്കില്‍ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍

ന്യൂഡല്‍ഹി: 2012ല്‍ സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായി മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ഇക്കാര്യത്തെ കുറിച്ച് സച്ചിനുമായി സെലക്ടര്‍മാര്‍ നേരിട്ട് സംസാരിച്ചിരുന്നതായി സന്ദീപ് പറഞ്ഞു.മറാത്തി ചാനലായ എ.ബി.പി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് രംഗത്ത് വന്നത്. നാഗ്പൂരില്‍ വെച്ച് സച്ചിനെ കാണുമ്പോള്‍ വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് സച്ചിന്‍ അറിയിച്ചത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി സച്ചിന്റെ കാര്യത്തില്‍ ഒരു പൊതുതീരുമാനത്തിലെത്തുകയായിരുന്നു. സച്ചിനെ അടുത്ത പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. അടുത്ത കൂടിക്കാഴ്ച്ചയില്‍ തന്നെ സച്ചിന്‍ വിരമിക്കുകയാണെന്ന് വ്യക്തമാക്കി. ആ സമയത്ത് സച്ചിന്‍ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. 2012 ഡിസംബര്‍ 23നാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 463 ഏകദിനങ്ങളില്‍ കളിച്ച സച്ചിന്‍ 18426 റണ്‍സും 49 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.