ആദിവാസി കുട്ടികള്‍ക്കുളള ഗോതമ്പില്‍ നിറയെ പുഴുക്കള്‍; പോഷകാഹാരക്കുറവ് പരിഹരിക്കാനായി കൊണ്ടുവന്ന എട്ടുടണ്‍ ഗോതമ്പിലാണ് പുഴുക്കള്‍; പുഴുവരിക്കുന്ന ഗോതമ്പ് ഏറ്റെടുക്കില്ലെന്ന് കുടുംബശ്രീ; എഫ്‌സിഐക്കെതിരെ നടപടി വേണമെന്ന് എംബി രാജേഷ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വേണ്ടി എഫ്‌സിഐയില്‍നിന്നു നല്‍കിയ ഗോതമ്പില്‍ നിറയെ പുഴുക്കള്‍. അഗളി താവളത്ത് ‘അമൃതം ഫുഡ്’ എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പുഴുവരിക്കുന്ന ഗോതമ്പ്് ഏറ്റെടുക്കില്ലെന്ന് കുടുംബശ്രീ. കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയാറാക്കി നല്‍കുന്നത്. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അതേസമയം, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എം.ബി.രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഗോതമ്പും മറ്റ് ചേരുവകളും ഉപയോഗിച്ച് അമൃതം പൊടി നിര്‍മ്മിച്ചാണ് കേരളമുടനീളം കുഞ്ഞുങ്ങള്‍ക്കായി നല്‍കുന്നത്. കുടുംബശ്രീക്കാണ് 2006 മുതല്‍ അമൃതം പൊടി നിര്‍മ്മിക്കുന്നതിനുളള ചുമതല. നേരത്തെ പലയിടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചെത്തിക്കുന്ന ഗോതമ്പില്‍ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയിരുന്നു. കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് നിലവില്‍ അമൃതം പൊടി വിതരണം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.