വാഷിംഗ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ടെക്‌സസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ടെഡ് പോവ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡാണ റോഹ്രബാഷര്‍ എന്നിവരാണ് പാകിസ്താന്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണെന്നാണ് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ബില്‍ അവതരിപ്പിച്ച നാലു മാസത്തിനകം ചര്‍ച്ച വിളിച്ചു കൂട്ടണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം സംബന്ധിച്ച സബ്കമ്മറ്റിയുടെ തലവനാണ് ടെഡ് പോവ്. പാകിസ്താന്‍ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ഡെസിഗ്‌നേഷന്‍ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ബില്ലില്‍ തീവ്രവാദ വിരുദ്ധ കാഴ്ചപ്പാടില്‍ പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഒസാമാ ബിന്‍ ലാദനെ ഒളിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്റെ ശരിയായ നിലപാടാണ് വ്യക്തമാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. ബില്‍ അവതരിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പ്രസിഡന്റ് മൂന്ന് മാസങ്ങള്‍ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും. ഒരു മാസത്തിനു ശേഷം ഇതിനോട് അനുബന്ധമായി ഒരു ഫോളോഅപ്പ് റിപ്പോര്‍ട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയും സമര്‍പ്പിക്കേണ്ടതുണ്ട്. എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യത്തിനുള്ള ന്യായ വാദങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടി വരും.