ന്യൂഡല്‍ഹി: പ്രണയാഭ്യർഥന നിരസിച്ച 21കാരിയെ പൊതുജനം നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. അധ്യാപികയായ കരുണ(21) ആണ് മരിച്ചത്. സംഭവത്തില്‍ സുരേന്ദര്‍(34) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആളുകള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ വെച്ച് ഇയാള്‍ കരുണയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.ഇയാള്‍ 30 തവണയാണ് യുവതിയുടെ ശരീരത്തില്‍ കുത്തിയത്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി കരുണയുടെ പുറകെയായിരുന്നു. അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിന്റെയും സമ്മതത്തോടെ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനാല്‍ നടപടിയെന്നും എടുക്കാതെ വിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.