അഹമ്മദാബാദ്: ഉനയില്‍ ചത്തപശുവിന്റെ തൊലിയുരിഞ്ഞ നാലു ദളിത് യുവാക്കളെ ഗോരക്ഷാ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ഗോരക്ഷാപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. 29 കാരനായ മുഹമ്മദ് അയൂബാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ സെപ്റ്റംബര്‍ 13നായിരുന്നു സംഭവം. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ അയൂബ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അയൂബും സുഹൃത്ത് സമീര്‍ ഷെയ്ക്കും രണ്ട് പശുക്കിടാങ്ങളുമായി ഇന്നോവയില്‍ പോകവേയാണ് ആക്രമണം നടന്നത്. മുഹമ്മദ് അയൂബിനോടൊപ്പം ഉണ്ടായിരുന്ന സമീര്‍ ഷെയ്ഖിനെ ആശുപത്രിയില്‍ ചികിത്‌സയിലാണ്. സുഹൃത്തായ സമീറിനെ സംഭവസ്ഥലത്തിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ മുഹമ്മദ് അയൂബിനും സമീറിനും എതിരെ മൂന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍ പശുവിനെ കടത്തിയെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു. അയൂബിനെ ആക്രമിച്ചവരില്‍ ഈ മൂന്നുപേരും ഉണ്ടായിരുന്നെന്നാണ് അയൂബിന്റെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ അവിടെയുണ്ടായിരുന്നു എന്നതിന് തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്.