തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. ഇതിനായി നിയമമന്ത്രി എകെ ബാലന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിക്ക് പുറപ്പെടുക. സൗമ്യാ കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദില്ലിയിലെത്തുന്ന നിയമമന്ത്രി സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലുമായി ചര്‍ച്ച നടത്തും. പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. മുന്‍ ഡിജിപി ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫ് അലി അടക്കമുള്ളവര്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്.കേസില്‍ ഇനി പുനപരിശോധനാ ഹര്‍ജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹര്‍ജി നല്‍കാനോ സര്‍ക്കാരിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.