കാവേരി നദീജല തര്‍ക്കം; കര്‍ണാടകത്തില്‍ ഇന്ന് റെയില്‍ ബന്ദ്; സുരക്ഷ ശക്തമാക്കി പൊലീസ്; ബാംഗ്ലൂര്‍ നഗരം ശാന്തം

ബാംഗ്ലൂര്‍: കാവേരി നദീജലം സംബന്ധിച്ച തര്‍ക്കത്തില്‍ കര്‍ണാടകത്തില്‍ ഇന്ന് റെയില്‍ ബന്ദ്. കന്നഡ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വരുംവരെ സമരം നടത്താനാണ് തീരുമാനം.നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെ ബാംഗ്ലൂര്‍ നഗരം ശാന്തത കൈവരിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നാധിഷ്ഠിത കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ തുടരുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രധാന കേന്ദ്രങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബസ്, മെട്രോ സര്‍വീസുകള്‍ തുടങ്ങുകയും സ്‌കൂളുകളും കോളേജുകളും സാധാരണ നിലയിലാകുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ന് ട്രെയിന്‍ തടയല്‍ പോലെയുള്ള സമരമുറ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ചില സംഘടനകള്‍. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. തീവണ്ടി തടയല്‍ സമയത്തെ നേരിടാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സമരക്കാരെ ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോലും കയറ്റാത്ത രീതിയിലുള്ള കാര്യങ്ങളാണ് കര്‍ണാടക ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. മാണ്ഡ്യ പോലുള്ള സ്ഥലങ്ങളില്‍ സമാധാനം ഉറപ്പാക്കിയ ശേഷമേ സര്‍വീസ് നടത്തൂ എന്ന കെഎസ്ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ ബംഗലുരു നഗരത്തില്‍ വലിയ ജനക്കൂട്ടം നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് കര്‍ണാടക റെയില്‍വെ പൊലീസ് അറിയിച്ചു.
പ്രതിസന്ധി തുടരുകയാണെങ്കില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. ഇന്‍ഫോസിസും ആമസോണ്‍ ഡോട്ട് കോമും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരുന്ന സ്‌കൂളുകളും ഇന്ന് തുറന്നു. തമിഴ്‌നാട്ടുകാര്‍ കൂട്ടമായി താമസിക്കുന്ന മേഖലയില്‍ കടന്നു ചെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വര അനാവശ്യ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കാവേരി വിഷയത്തില്‍ തമിഴ്‌നാട് നാളെ ഹര്‍ത്താലിന് ഒരുങ്ങുകയാണ്. 31 തമിഴ്‌സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളൊന്നും ബന്ദിന് പിന്തുണ നല്‍കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.