പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി വിഎസ് തയാറാക്കിയ പട്ടിക സിപിഎം വെട്ടി; 20 പേരുടെ പട്ടികയാണ് വിഎസ് നല്‍കിയത്; 13 പേരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ; വി.കെ.ശശിധരനെ നിയമിക്കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായ വിഎസ് അച്യുതാനന്ദന്‍ തന്റെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സിപിഎം വെട്ടി. ഇരുപത് പേരുടെ പട്ടികയാണ് വിഎസ് നല്‍കിയത്. എന്നാല്‍ 13 പേരെ മാത്രമേ സിപിഎം അനുവദിച്ചിട്ടുള്ളൂ. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് വിഎസിന്റെ ആവശ്യം തള്ളിയത്. നേരത്തെ വിഎസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരനെ നിയമിക്കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി. വി.കെ.ശശിധരനെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വിഎസിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ആളാണ് വി.കെ.ശശിധരന്‍. പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് വി.കെ.ശശിധരനോട് കടുത്ത എതിര്‍പ്പാണുള്ളത്. പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വിഎസിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു ശശിധരനെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.അതുപോലെ തന്നെ പേഴ്‌സണല്‍ അസിസ്റ്റന്റായി വി എസ് ആവശ്യപ്പെട്ട സന്തോഷിനെയും പാര്‍ട്ടി തള്ളി. കോണ്‍ഗ്രസ് അനുകൂല വ്യക്തിയാണെന്നതായിരുന്നു ഇക്കാര്യത്തിലുള്ള ന്യായീകരണം.
ഇതോടെ വിഎസിന്റെ പുതിയ നീക്കം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രവര്‍ത്തകരും അണികളും.പുതിയ പദവി ഏറ്റെടുത്തതിന് പിന്നാലെ ഓഫീസും ഔദ്യോഗിക വസതിയും സംബന്ധിച്ച കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടയിലാണ് വിഎസിന്റെ പുതിയ ആവശ്യങ്ങളും പാര്‍ട്ടി തള്ളിക്കളഞ്ഞത്.

© 2024 Live Kerala News. All Rights Reserved.