ചെന്നൈ: ഇന്ത്യയുടെ സ്വന്തം ജിഎസ്എല്‍വി എഫ് 05 ഇന്ന് 4.10ന് ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി ആറിനേയും വഹിച്ചുകൊണ്ടാണ് ജിഎസ്എല്‍വി ഉയരുക. 2211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. രണ്ട് മുതല്‍ രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ റോക്കറ്റിന് ശേഷിയുണ്ട്. പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്എല്‍വി വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നുമാണ് വീക്ഷേപണം നടത്തുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 11.10നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി ദൗത്യത്തെ പ്രതീക്ഷകളോടെയാണ് കാണുന്നത്. ഈ വിക്ഷേപണത്തോടെ വിമാന സര്‍വ്വീസുകള്‍ക്കും പ്രതിരോധത്തിനും നാവിക സേനയ്ക്കും അടക്കം പല മേഖലകളില്‍ വലിയ തോതില്‍ സഹായം ലഭിക്കും. പത്ത് വര്‍ഷത്തോളമായുള്ള പഠനത്തിന്റെ ഫലമായാണ് ഇന്‍സാറ്റ് ത്രീഡി വികസിപ്പിച്ചെടുത്തിരിക്കുന്നത്.