കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ എംകെ ദാമോദരന്‍ ഹാജരായി; കോഴിക്കടത്ത് നികുതിയിളവ് കേസിലാണ് ഹാജരായത്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ദാമോദരന്‍

കൊച്ചി: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ പുതിയ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. കോഴിക്കടത്തിനും ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കു നികുതി ഇളവ് നല്‍കിയ കേസിലാണ് എംകെ ദാമോദരന്‍ ഹാജരായത്. രണ്ട് കോസിലേയും എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദാമോദരന്‍ ഹാജരായത്. കേസ് 19ന് വീണ്ടും പരിഗണിക്കും. കോഴി ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ നികുതിയും എഴുതി തള്ളി പതിനഞ്ചര കോടി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ എഫ്‌ഐആര്‍ സമര്‍പിച്ചിരുന്നു. മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവുമായ എംകെ ദാമോദരനാണ് മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ചിക്കന്‍ വിറ്റ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടിയുടെ നികുതി കുടിശിക സ്റ്റേ ചെയ്‌തെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്.കെ.എം മാണി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും നിയമവിരുദ്ധമായി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചതായും എഫ്‌ഐആറില്‍ വിജിലന്‍സ് പറയുന്നു. രണ്ടുകേസുകളിലായി സംസ്ഥാന ഖജനാവിന് 200 കോടി നഷ്ടം സംഭവിച്ചെന്നും മാണി ഇതിലൂടെ പതിനഞ്ചര കോടി രൂപ സ്വന്തമാക്കിയെന്നുമാണ് കേസ്.

© 2024 Live Kerala News. All Rights Reserved.