തിരുവനന്തപുരം: കുന്നുകുഴിയില്‍ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നാടന്‍ ബോംബ് ആക്രമണം. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബുധനാഴ്ച രാത്രി 12മണിയോടെയാണ് ആക്രമണമുണ്ടായത്. നാടന്‍ ബോംബ് ആക്രമണമാണെന്നു ബിജെപി പറഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.അക്രമത്തിനു പിന്നില്‍ സി.പി..എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. വിവരമറിഞ്ഞു മ്യൂസിയം എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായില്ല. വിവരമറിഞ്ഞു ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.