ന്യൂഡല്‍ഹി: സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ചാര്‍ത്താനുള്ളതല്ല മാനനഷ്ടക്കേസോ രാജ്യദ്രോഹക്കേസോ എന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദീപക്ക് മിശ്രയും യു.യു ലളിതും അടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ച് എന്തെങ്കിലും പറഞാല്‍ അത് മാനനഷ്ടത്തിനോ, രാജ്യദ്രോഹത്തിനോ കേസെടുക്കാനാവുന്ന കുറ്റമല്ല എന്നായിരുന്നു വിധി. രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിര്‍ദേശിച്ചു.അക്രമം നടത്താന്‍ ശ്രമിക്കുകയോ സാമൂഹ്യ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയതാല്‍ മാത്രമേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കാന്‍ പാടുകയുള്ളു എന്ന ഭരണഘടനാ തത്വം പൊലീസും വിചാരണ കോടതികളും പാലിക്കണമെന്നും കോടതി വ്യക്തമാക്കി. 1962-ല്‍ കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമം(വകുപ്പ്് 124എ) ത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്. ബന്ധപ്പെട്ട എല്ലാ അധികൃതരും ഈ വിധി പിന്തുടരണമെന്ന് ജഡ്ജിമാരായ ദീപക് മിശ്ര,യുയു ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഐപിസി വകുപ്പ് 124(എ) ചുമത്തണമെങ്കില്‍ നേരത്തെ കോടതി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പാടുള്ളു. ക്രിമിനല്‍ നിയമത്തില്‍ ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പറയുന്നില്ലെങ്കിലും ഒരു പാട് കോടതി വിധികളില്‍ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകള്‍ പരിശോധിക്കുന്ന സമയത്ത് ഏതൊരു മജിസ്‌ടേറ്റും കേദാര്‍നാഥ് കേസില്‍ പറയുന്നത് ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. ഏതൊരു പൗരനും സര്‍ക്കാരിനെ വിമര്‍ശിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാം. എന്നാല്‍ ജനങ്ങളെ നിയമം വഴി സ്ഥാപിതമായ ഭരണകൂടത്തിനെതിരെ ആക്രമണത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ ഇടപെട്ടാല്‍ മാത്രമേ രാജ്യദ്രോഹത്തിനു കേസെടുക്കാനാവൂ എന്ന് കോടി വ്യക്തമാക്കി. ഇത്തരം കേസുകള്‍ ചുമത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കണമെന്ന് കാണിച്ച് സന്നദ്ധ സംഘടനയായ കോമണ്‍കോസും മറ്റുള്ളവരും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പൊലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമം തെറ്റായി ഉപയോഗിക്കുന്നതിനാല്‍ ഒരു പാട് പേര്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലില്‍ പോകുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ: പ്രശാന്ത് ഭൂഷന്‍ ഹാജരായി. കേസെടുക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കേദാര്‍നാഥ് വിധിയെപ്പറ്റി ധാരണയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സൂചിപ്പിച്ചപ്പോള്‍ കോണ്‍സ്റ്റബിള്‍മാര്‍ ഇക്കാര്യം അറിയണമെന്നില്ലെന്നും മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം മനസിലാക്കുകയും കുറ്റം ചുമത്തുന്നതിന് മുമ്പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.