വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മ മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും മദര്‍ ഇനി അറിയപ്പെടുക. വിശ്വാസികള്‍ക്ക് ഇനി മദറിനെ വണങ്ങാം. തിരുശേഷിപ്പ് അള്‍ത്താരയില്‍ സമര്‍പ്പിച്ചു. സിസ്റ്റര്‍ ക്ലെയറാണ് തിരുശേഷിപ്പ് അള്‍ത്താരയില്‍ സമര്‍പ്പിച്ചത്.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സ്വര്‍ഗീയനാദധാര പെയ്തിറങ്ങുന്ന ആത്മീയ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരെ സാക്ഷിനിര്‍ത്തി”പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയജീവിതത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും’ ശ്ലൈഹികാധികാരമുപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിച്ചത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുക്, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ ബലിവേദിയില്‍ എത്തിയത്. കര്‍ദിനാള്‍ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്റെ ലഘുജീവചരിത്രം വിവരിച്ചു. തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ. അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി. ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാര്‍മികരായി. നാളെ മദര്‍ തെരേസയുടെ 19ാം ചരമ വാര്‍ഷിക ദിനമാണ്. കൊല്‍ക്കത്തയില്‍ 1997 മദര്‍ തെരേസ അന്തരിച്ചത്. അല്‍ബേനിയയിലെ മാസിഡോണയില്‍ 1910 ഓഗസ്റ്റ് 26ന് ജനിച്ച ആഗ്‌നസ് ബോജക്‌സ്യൂ 1928 ല്‍ അയര്‍ലന്‍ഡിലെ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. തെരേസ എന്ന നാമം സ്വീകരിച്ചു. 19ാം വയസില്‍ ഇന്ത്യയിലെത്തി. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം രൂപീകരിച്ച് കൊല്‍ക്കത്ത കേന്ദ്രമാക്കി അശരണരൂടെ അമ്മയായി. 1951 യില്‍ ഇന്ത്യന്‍ പൗരത്വം നേടി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി. പത്മശ്രീ, മഗ്‌സെസെ പുരസ്‌കാരം തുടങ്ങിയവ നേടി. 1980 ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി മദറിനെ ആദരിച്ചു.