വത്തിക്കാന്‍ : പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും.സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മദറിന്റെ ഛായാചിത്രം ഉയര്‍ത്തി. നാളെ രാവിലെ പത്ത് മണിക്കാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്. (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2മണി.)വിശുദ്ധ പദവി പ്രഖ്യാപന വേദിയില്‍ ഉപയോഗിക്കുന്ന ഛായാചിത്രം വരച്ചത് അമേരിക്കന്‍ ശില്‍പ്പിയും ചിത്രകാരനുമായ ചാസ് ഭാഗനാണ്. വ്യാഴാഴ്ച്ചയാണ് ബസലിക്കയില്‍ ചിത്രം സ്ഥാപിച്ചത്. വിദേശകാര്യ സെക്രട്ടറി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഏകദേശം പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തേക്കും. വിശുദ്ധകുര്‍ബാന മദ്ധ്യേ പ്രത്യേക ചടങ്ങുകളോടെയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍മാര്‍ വിശുദ്ധരുടെ പുസ്തകത്തില്‍ മദറിന്റെ പേര് ചേര്‍ക്കട്ടെ എന്ന് മാര്‍പാപ്പയോട് ചോദിക്കും, തുടര്‍ന്ന് ലഘു ജീവചരിത്രം വായിച്ച ശേഷം വിശുദ്ധരുടെ പ്രാര്‍ത്ഥന ചൊല്ലും. തുടര്‍ന്ന് വിശുദ്ധയാക്കുന്നതിന്റെ സന്ദേശം മാര്‍പാപ്പ ലത്തീന്‍ ഭാഷയില്‍ വായിക്കും.വിശുദ്ധയാക്കുന്നതിന്റെ ഒദ്യോഗിക രേഖ മാര്‍പാപ്പ വായിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.