സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തില്‍ തന്നെയെന്ന് ജാപ്പനീസ് രേഖകള്‍; മൃതദേഹം തായ്‌വാനില്‍ തന്നെ സംസ്‌കരിച്ചു; വിവരങ്ങള്‍ പുറത്തുവിട്ടത് ബ്രിട്ടീഷ് വെബ്‌സൈറ്റ്

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സര്‍ക്കാരിന്റെ രേഖകള്‍ പുറത്ത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ‘ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ’ എന്ന ബ്രിട്ടീഷ് വെബ്‌സൈറ്റ് ആണ് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും തെളിവുകളും പുറത്തുവിട്ടത്.1956 ജനുവരിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായതെന്നും ഇതു ടോക്കിയോയിലെ ഇന്ത്യന്‍ എംബസിക്കു ജാപ്പനീസ് സര്‍ക്കാര്‍ നല്‍കിയതായും വെബ്‌സൈറ്റ് പറയുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അടങ്ങിയതിനാലാണ് റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു. അപകടത്തില്‍ നേതാജിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ട് മൂന്നിന് അദ്ദേഹത്തെ തായ്‌പെയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ഓഗസ്റ്റ് 22 ന് തായ്‌പെയിലുള്ള മുന്‍സിപ്പില്‍ ശ്മശാനത്തില്‍ അദ്ദേഹത്തെ സംസ്‌കരിച്ചതായും വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകളിലുണ്ട്.

© 2024 Live Kerala News. All Rights Reserved.