കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട: യാത്രക്കാരി പിടിയില്‍

 

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ ഒന്‍പതര കിലോ സ്വര്‍ണവുമായി യാത്രക്കാരി പിടിയിലായി. ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ പത്തിനെത്തിയ യാത്രക്കാരി പര്‍ദക്കുള്ളിലെ ജാക്കറ്റിനുള്ളിലാക്കിയാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നു കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു. ജാക്കറ്റിനുള്ളില്‍ ഇത്രയും സ്വര്‍ണം പിടിക്കുന്നത് ആദ്യമായാണ്.

ഇന്‍ഡിഗോ വിമാനത്തിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തത്. വസ്ത്രധാരണ രീതിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വനിതാ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ജാക്കറ്റ് കണ്ടെടുത്തു. ജാക്കറ്റിനുള്ളിലെ അറകളില്‍ ചെറുതും വലുതുമായ ഒന്‍പത് കട്ടികളായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഒരു കിലോയുടെ കട്ടികളാണ് അധികവും. ഇവരെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.

അതേസമയം, ഫോര്‍ട്ടുകൊച്ചി സ്വദേശിയായ താന്‍ ഭര്‍ത്താവിനെ കാണാന്‍ എത്തിയതാണെന്നും മറ്റൊരാള്‍ തന്നയച്ച സ്വര്‍ണമാണിതെന്നും അവര്‍ കസ്റ്റംസ് അധികൃതരോടു പറഞ്ഞു.

ഇന്നലെ ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരന്‍ വിമാനത്തിനുള്ളിലെ ഫ്‌ലോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2.33 കിലോ സ്വര്‍ണം കസ്റ്റസ് ഇന്റലിജ!ന്‍സ് പിടികൂടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.