സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ്; നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്; 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തി

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇവരില്‍ 13 ഇന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇതുവരെ 115 സിക വൈറസ് ബാധിത കേസുകളാണ് റിപ്പോര്‍ട്ട്് ചെയ്തതായും വാര്‍ത്തയുണ്ട് .സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരുടെ നിലയില്‍ ആശങ്കയില്ലെന്നും ചിലര്‍ ഇതിനകം തന്നെ രോഗമുക്തി പ്രാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി മലേഷ്യയിലാണ് സിക വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച സിംഗപ്പൂര്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സ്ത്രീയിലാണ് സിക രോഗലക്ഷണങ്ങള്‍ കണ്ടത്. സിംഗപ്പൂരിലുള്ള ഇവരുടെ കുട്ടിയിലും സിക വൈറസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് സിംഗപ്പൂരിലും സിക രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുകയായിരുന്നു. കൊതുക് പരത്തുന്ന സിക ഗര്‍ഭിണികളിലാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്. ഗുരുതരമായ വൈകല്യങ്ങളോടെയാണ് ഇവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നത്. ചെറിയ തലയും വളര്‍ച്ചാക്കുറവുമാണ് പ്രധാന പ്രശ്‌നം.

© 2024 Live Kerala News. All Rights Reserved.