ഇന്ത്യ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും; ഇതില്‍ 12 എണ്ണം യുഎസിന്റേത്

ബാംഗ്ലൂര്‍: അമേരിക്കയുടെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഇന്ത്യനേടിയെടുത്തു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എംഡി രാകേഷ് ശശിഭൂഷണ്‍ ആണ് കരാര്‍ നേടിയെടുത്ത വിവരം അറിയിച്ചത്. കരാറിലുള്ള യുഎസിന്റെ ഉപഗ്രഹങ്ങള്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളവയാണ്. പ്ലാനെറ്റ് ഐക്യു എന്ന യുഎസ് കമ്പനിയുടേതാണിത്. ബഹിരാകാശ ചിത്രങ്ങള്‍, സിഗ്‌നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, ഡേറ്റാ ജനറേഷന്‍, കാലാവസ്ഥാ പ്രവചനം, പരീക്ഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദേശ ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ചു വിക്ഷേപിക്കുക. പിഎസ്എല്‍വി സി34 വഴി ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ നേരത്തെ കരുത്തു തെളിയിച്ചിരുന്നു. അതുപോലെതന്നെ റോക്കറ്റ് സ്‌പേസ് സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗത്തിനായി കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒറ്റയടിക്കു വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്ന് രാകേഷ് ശശിഭൂഷന്‍ അറിയിച്ചു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 2,500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കുമെന്നും രാകേഷ് ശശിഭൂഷന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.