മീററ്റ്: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്. ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഘകേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. യു പി യുടെ കുറ്റകൃത്യ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി വ്യത്യസ്തമായ ലൈംഗിക പീഡന കേസില്‍ 16 കാരന്റെ പരാതിയില്‍ 23 കാരിക്കെതിരേ കേസെടുത്തിരിക്കുന്നത്. ചില വീഡിയോ ക്ളിപ്പിംഗുകള്‍ കാട്ടി തന്നെ വിവാഹം കഴിക്കാന്‍ യുവതി 16 കാരനെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. വിവാഹം കഴിച്ചില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പതിനാറുകാരന്റെ സഹോദരന്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിക്കെതിരേ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പ്രണയബന്ധമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ കൈമാറിയ എസ്എംഎസ് സന്ദേശങ്ങളുടെയും റെക്കോഡ് ചെയ്യപ്പെട്ട കോളുകളുടേയും പരിശോധന നടത്തിയ ശേഷമാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. യുവതി തന്നെ വിവാഹം കഴിക്കാന്‍ പയ്യന് സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നതായും ഇയാള്‍ നിഷേധിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.