കൊച്ചി: തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റാനുള്ള കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റെയില്‍വേയുടെ കണ്ടെത്തല്‍. പാളം നേരത്തെ തകരാറിലായിരുന്നു. ഇതു പരിഹരിക്കാനായില്ല. കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നും റെയില്‍വേ പറഞ്ഞു. സംഭവത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതു വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനുപകരം സ്‌ക്രൂ ഉപയോഗിച്ചു മുറുക്കിയ നിലയിലായിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ സ്ലാബുകള്‍ പലതും കാലപ്പഴക്കം ചെന്നവയാണ്. ഇതു മാറ്റേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍!ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.16നു കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റി. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണു ട്രെയിനിലുണ്ടായിരുന്നത്.