പെരുമ്പാവൂര്‍: പ്രേമാഭ്യര്‍ഥന നിരസിച്ചപ്പോള്‍ ശല്യം തുടര്‍ന്നതിനാല്‍ പൊലീസില്‍ പരാതി നല്‍കിയ അയല്‍വാസിയും കൂട്ടാളികളും പതിനാറുകാരിയെ ആക്രമിച്ചു. ക്രൂര മര്‍ദ്ദനവും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച നിലയിലുമാണ്. പെരുമ്പാവൂര്‍ സ്വദേശിനിയെയാണ് അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തത്. സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. കോടനാട് പൊലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം സംഭവത്തിന് ഉത്തരവാദികളായ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.