തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളംതെറ്റി; അപകട കാരണം പാളത്തിലെ വിള്ളല്‍; യാത്രക്കാര്‍ സുരക്ഷിതര്‍; ഒഴിവായത് വന്‍ദുരന്തം

കൊച്ചി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളംതെറ്റി. പുലര്‍ച്ചെ 2.55 നാണ് അപകടം. ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം തെറിച്ചുപോയ നിലയിലാണ്. എസ് 3 മുതല്‍ എസ് 12 വരെയുള്ള സ്ലീപ്പര്‍കോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. അപകട കാരണം പാളത്തിലെ വിള്ളല്‍. മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കാരെ കറുകുറ്റിയില്‍നിന്ന് ബസ്സില്‍ എറണാകുളത്തും തൃശൂരിലുമെത്തിച്ചു. തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഗതാഗതം സാധാരണ നിലയിലാകാന്‍ മണിക്കൂറുകള്‍ എടുത്തേക്കും. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു.

അപകടത്തെത്തുടര്‍ന്ന് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൂടാതെ ചാലക്കുടിയില്‍നിന്ന് മംഗലാപുരത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ടിക്കറ്റ് സംവിധാനം വഴി ടിക്കറ്റെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം തിരിച്ചു നല്‍കും. കൂടാതെ പ്രധാന സ്റ്റേഷനുകളിലെല്ലാം പണം തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ് , കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ് , കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് ,തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി , തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ , ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍ , തൃശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ , ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍ , എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ , ആലപ്പുഴ – എറണാകുളം പാസഞ്ചര്‍. വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍: ചെന്നൈ – തിരുവനന്തപുരം മെയില്‍, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ് , ബാംഗ്ലൂര്‍ – കൊച്ചുവേളി എക്‌സ്പ്രസ് , ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് , ബാംഗ്ലൂര്‍ സിഎസ്ടി – കന്യാകുമാരി എക്‌സ്പ്രസ് നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് , ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍. വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ട ട്രെയിനുകള്‍: നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസ് , നിസമുദ്ദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസ് .വഴി തിരിച്ചുവിട്ട ട്രെയിനുകള്‍: തിരുവനന്തപുരം – ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് , കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് , കന്യാകുമാരി ബംഗളൂരു ഐലന്റ് എക്‌സ്പ്രസ് , ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് , തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ്

© 2024 Live Kerala News. All Rights Reserved.