കാസര്‍ഗോഡ്: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ദളിത് പെണ്‍കുട്ടിയെ ജനറാലാശുപത്രി ജീവനക്കാരനും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ, ബാര കുണ്ടംകുളംപാറയിലെ കിഷോര്‍, സുഹൃത്തുക്കളായ മഞ്ജുനാഥ് , ബാര മുക്കുന്നോത്ത് ഹൗസിലെ അനില്‍ കുമാര്‍ എന്നിവരെ കാസര്‍ഗോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23ന് ഉച്ചക്ക് ശേഷം നടന്ന ലൈംഗിക പീഡനം പിറ്റെ ദിവസം പുലര്‍ച്ച വരെ നീണ്ടതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ബന്ധുവീട്ടില്‍ താമസക്കാരിയായ കര്‍ണ്ണാടക സ്വദേശിയാണ് പീഡനത്തിന് ഇരയായത്. കുടുംബം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി തനിച്ചാണ് ചികിത്സ തേടി ആശുപത്രിയില്‍ വന്നത്. സ്ഥലം പരിചയം ഇല്ലാത്തതിനാല്‍ പെണ്‍കുട്ടി താല്‍ക്കാലിക ജീവനക്കാരനായ കിഷോറിനോട് സഹായം അഭ്യര്‍ത്ഥിച്ചു. വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കിഷോര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയില്‍ കയറ്റി പുറത്തേക്കു കൊണ്ടുപോയി. ടൗണില്‍ വച്ച് മറ്റു രണ്ടു സുഹൃത്തുക്കളെയും ഓട്ടോയില്‍ കയറ്റി. പിന്നീട് ഒരു ലോഡ്ജില്‍ എത്തിച്ചശേഷം മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.മുറിയെടുത്തവരോട് ഒഴിഞ്ഞു പോകണമെന്ന് ലോഡ്ജ് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടെ മുറിയൊഴിഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ച് കിഷോറും സുഹൃത്തുക്കളും കടന്നുകളഞ്ഞു.