മലയാളി അത്‌ലറ്റ് ഒ.പി ജയ്ഷയ്ക്ക് എച്ച് 1 എന്‍ 1; സ്ഥിരീകരിച്ചത് രക്ത സാംപിള്‍ പരിശോധനയില്‍; നേരത്തെ സുധാ സിംഗിന് എച്ച് 1 എന്‍ 1 പനി പിടിപെട്ടതായി കണ്ടെത്തിയിരുന്നു

ബാംഗ്ലൂര്‍: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി അത്‌ലറ്റ് ഒ.പി. ജയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്ത സാംപിള്‍ പരിശോധനയിലാണ് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. ബംഗളൂരുവിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണിപ്പോള്‍ ജയ്ഷ. റിയോയില്‍ ജയ്ഷയുടെ സഹവാസി ആയിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു. ബ്രസീലില്‍ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുധയോടപ്പം റിയോയില്‍ മുറി പങ്കിട്ട ജെയ്ഷ, കവിതാ റൗത്ത് എന്നിവരിലും പരിശോധന നടത്തിയതിലാണ് ഇപ്പോള്‍ ജയ്ഷയിലും എച്ച് 1 എന്‍ 1 കണ്ടെത്തിയത്. റിയോയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ടീം അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയ്ഷ രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ ടീം അധികൃതര്‍ തയ്യാറായില്ലെന്നാണ് ജയ്ഷ വെളിപ്പെടുത്തിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.