രാത്രിയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റോപ്പില്‍ ബസ്സ് നിര്‍ത്തിത്തരാനുള്ള മാന്യത കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാണിക്കണ്ടേ?

ജിമി ജോസഫ്

jimi

കൂട്ടുകാരിയുടെ കല്യാണത്തിനു ‘പിഴക്’ എന്ന സ്ഥലത്തേക്കു യാത്രയാകേണ്ട ഞാന്‍ ഇന്നലെ വൈകിട്ട് 4 മുക്കാലിനാണു ചങ്ങനാശ്ശേരി ബസ്സ്റ്റാണ്ടില്‍ എത്തിയത്, ആനവണ്ടി ആപ്പില്‍ നിന്നും തൊടുപുഴ ബസ് 5.10 നു ഇവിടെ നിന്നും ഉണ്ട് എന്നു മനസ്സിലാക്കി, enquiryഇല്‍ അന്വേഷിച്ചപ്പോള്‍ ബസ് 5.20 നു എത്തുമെന്നു അറിയിച്ചു, പക്ഷേ ബസ് വന്നത് 6 മണിക്കാണു, ഒരു സൂപര്‍ ഫസ്റ്റ് ബസ്സിലാണു ഞാന്‍ കയറിയത്, പാലായ്ക്കും തൊടുപുഴയ്ക്കും ഇടയിലുള്ള ഒരു സ്ഥലമാണു പിഴക് എന്നല്ലാതെ വേറെയൊന്നും എനിക്കാസ്ഥലത്തേക്കുറിച്ച് അറിയില്ല. ആദ്യമായിട്ടാണു ഇങ്ങോട്ടേക്കു യാത്ര ചെയ്യുന്നത് അതും സന്ധ്യ കഴിഞ്ഞിട്ടും, ഈ ബസ്സില്‍ നിന്നും പിഴകിലേക്കു ടിക്കറ്റ് എടുക്കുവാന്‍ നോക്കിയപ്പോള്‍ അവിടെയൊന്നും ബസ് നിര്‍ത്തുവാന്‍ പറ്റുകേല, കോട്ടയം ഇറങ്ങിക്കോ, അവിടുന്നു ബസ് കിട്ടും എന്നു വളരെ ദേക്ഷ്യപ്പെട്ടു സംസാരിച്ചു Conducter കോട്ടയത്തേക്കുള്ള ടിക്കറ്റ് തരുകയാണുണ്ടായത്. കോട്ടയത്തെ ബസ്റ്റാണ്ടില്‍ ഇറങ്ങിയ ഞാന്‍ നേരെ enquiryല്‍ ചെന്നു ഈ സ്ഥലത്തേക്കുള്ള ബസ്സുകളെക്കുറിച്ചു അന്വേഷിച്ചു. എന്നാല്‍ ഇവിടെ നിന്നും എനിക്കു കിട്ടിയ മറുപടിയും അനുഭവവും വളരെ മോശമായിരുന്നു. ഏതു ബസ്സിനാണു പോകണ്ടത്? ബസ് എപ്പോഴാണു? എവിടെയാണു ബസ് വരുക? അവിടെ നിര്‍ത്തുമോ എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ തൊടുപുഴ ബസ് വരും എന്ന അലസമായ മറുപടി മാത്രം നല്‍കുകയാണുണ്ടായത്.

2

തൊടുപുഴ ബോര്‍ഡ് വെച്ച ഒരു ബസ്സില്‍ എനിക്കു പോകേണ്ട സ്ഥലത്തു നിര്‍ത്തുമോ എന്നു ചോദിച്ചപ്പോള്‍ നിര്‍ത്തില്ല എന്നും പാലായില്‍ നിന്നും ബസ് കിട്ടുമെന്നും ആ കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പാലായിലേക്കു ബസ് കയറി. സമയം 7 മണി കഴിഞ്ഞിരുന്നു. ഞാന്‍ കയറിയ പാലാ ബസ്സിലെ കണ്ടക്ടര്‍ക്ക് പിഴക് എന്ന സ്ഥലം അറിയില്ല എന്നു വളരെ മാന്യമായി പറയുകയുണ്ടായി. പാലാ ബസ്റ്റാണ്ടില്‍ ഇറങ്ങിയ ഞാന്‍ enquiry യില്‍ പോയി കാര്യം അന്വേഷിച്ചു. വൈകിട്ട് 6 മണി കഴിഞ്ഞാല്‍ സ്ത്രീകളെ അവര്‍ പറയുന്ന സ്റ്റോപ്പില്‍ നിര്‍ത്തി തരുമെന്നും പിഴകു പോകുവാന്‍ തൊടുപുഴ ബസ്സില്‍ കയറിയാല്‍ മതിയെന്നും വളരെ മാന്യമായി പറഞ്ഞു തന്നു ഇവര്‍. അങ്ങനെ തൊടുപുഴ ബസ്സില്‍ കയറി ഞാന്‍. സമയം 8 മണി ആയിരുന്നു. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കുവാന്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു ഞാന്‍. എനിക്കാ സ്ഥലം അറിയില്ല എന്നും അവിടെ എത്തുമ്പോള്‍ ഒന്നു പറയണം എന്നും, എന്നാല്‍ കണ്ടക്ടറില്‍ നിന്നും കിട്ടിയ മറുപടി എന്നെ നിരാശപ്പെടുത്തി. നിങ്ങള്‍ക്കു സ്ഥലം അറിയത്തില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യാനാണു, ഞങ്ങള്‍ ഈ റുട്ടില്‍ പുതിയതാണു. ഞങ്ങള്‍ എങ്ങനാ അറിയണ്ടേ? എന്നു എന്നോട് ദേക്ഷ്യപ്പെട്ടു പറഞ്ഞിട്ട് കണ്ടക്ടര്‍ ടിക്കറ്റും തന്നു പുറകിലോട്ടു പോയി. പുറകില്‍ ഇരുന്ന ഒരു ചേട്ടനാണു എന്നെ സഹായിച്ചതും സ്ഥലമെത്തിയപ്പോള്‍ പറഞ്ഞു തന്ന് എന്നെ ഇറങ്ങുവാന്‍ സഹായിച്ചതും. മാനസികമായി ഒരുപാട് സങ്കടം തോന്നിയ നിമിഷങ്ങളായിരുന്നത്. നിങ്ങള്‍ KSRTC ജീവനക്കാരുടെ വാക്കുകള്‍ക്ക് വില നല്‍കിയാണു ഒരു ബസ്സില്‍ വരേണ്ട ഈ സ്ഥലത്തേക്കു ഇത്രയും സമയം നഷ്ടപ്പെടുത്തിയും 3 ബസ്സുകള്‍ മാറി കയറിയും ഞാന്‍ വന്നത്.
എന്റെ ചോദ്യങ്ങള്‍ ഇതാണു.

3

1- ഞാന്‍ എവിടെ ഇറങ്ങണം എവിടേക്കു ടിക്കറ്റ് എടുക്കണം എന്നു തീരുമാനിക്കുന്നത് കണ്ടക്ടറാണോ?
2- രാത്രിയില്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തി തരും എന്നു പറയപ്പെടുന്നു, ഇത്തരം അനുഭവങ്ങള്‍ കിട്ടിയ ഞാന്‍ ഇനി എന്തു വിശ്വസിച്ചാണു KSRTC ബസ്സില്‍ കയറുക?
3- റൂട്ടും ബസ് സമയവും മര്യാദയും ഇല്ലാത്തവരെ എന്തിനാണു Enquiryയില്‍ ഇരുത്തുന്നത്?
4- ഞങ്ങള്‍ ഫ്രീ ആയിട്ടൊന്നും അല്ല യാത്ര ചെയ്യുന്നത്. കാശു തന്നിട്ട് തന്നെയാണു. കണ്ടക്ടര്‍മ്മാര്‍ക്കു മാന്യമായിട്ട് ഒന്നു പെരുമാറിക്കൂടേ?
5- റൂട്ടും സ്ഥലവും അറിയാത്ത കണ്ടക്ടര്‍മ്മാരെ എന്തടിസ്ഥാനത്തിലാണു ബസ്സില്‍ വിടുന്നത്? ടിക്കറ്റ് മുറിക്കാനും കാശു മേടിക്കാനുമാണോ? രാത്രിയില്‍ വിജനമായ എതെങ്കിലും സ്ഥലത്ത് സ്ഥലമറിയാതെ എന്നെ ഇറക്കിവിട്ടെങ്കില്‍ എനിക്കെന്തെങ്കിലും സംഭവിച്ചെങ്കില്‍ ആരു സമാധാനം പറയും?
ഇതൊക്കെയ് ഒരു വിശ്വാസമായിരുന്നു. ഏതു നട്ടപ്പാതിരാത്രിയിലും കയറി പോകുവാന്‍ നമ്മുടെ ബസ്സാണു KSRTC എന്ന വിശ്വാസം. അതിന്നലെത്തെ അനുഭവം കൊണ്ടു ഇല്ലാതായി.
ഇതൊക്കെയ് ഞങ്ങള്‍ ആരോടാണു പറയേണ്ടത്? നല്ലവരായ ഒരുപാട് ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട് എന്നറിയാം. നിങ്ങളേയും ഈ പ്രസ്ഥാനത്തേയും നശിപ്പിക്കുവാന്‍ അഹങ്കാരം പിടിച്ച ഈ ജീവനക്കാര്‍ തന്നെ ധാരാളം
(ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ന്യൂസു മീഡിയയിലെ ജേര്‍ണ്ണലിസ്റ്റായ ജിമി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)