കരോലിനാ, നീ തന്നെയാണ് ജയിക്കേണ്ടത്….

എം അബ്ദുല്‍ റഷീദ്

വെറും ഇരുപത്തിമൂന്നാം വയസില്‍ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സ്വര്‍ണം എന്ന ആ ഉജ്ജ്വല നേട്ടം കൊയ്ത പ്രിയപ്പെട്ട കരോലിന മാരിന്, ആദരവോടെ ഒരു ഇന്ത്യക്കാരന്‍ എഴുതുന്നത്….
തോല്‍പ്പിച്ചത് ഞങ്ങളുടെ നാട്ടുകാരിയെ ആണെങ്കിലും സത്യത്തില്‍ നീ ജയിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നീ തന്നെയാണ് ഈ ഫൈനല്‍ ജയിക്കേണ്ടത് എന്ന ഉറച്ച വിശ്വാസവും ഉണ്ട്. തീര്‍ത്തും നീതിയുക്തമായ ഈ വിജയത്തില്‍ നിനക്ക് എല്ലാ അഭിനന്ദനങ്ങളും അര്‍പ്പിക്കട്ടെ…
ഓരോ ജീവശ്വാസത്തിലും സ്‌പോര്‍ട്‌സിന്റെ സംസ്‌കാരവും വീര്യവും ഉള്ള നാടാണ് നിന്റെ സ്‌പെയിന്‍. കായികരംഗത്തെ ഉജ്വലനേട്ടങ്ങളിലൂടെ യൂറോപ്പിനേയും ലോകത്തെതന്നെയും അത്ഭുതപ്പെടുത്തിയ ജനതയാണ് നിങ്ങള്‍. കരോലിന, നിന്റെ ഈ ഉജ്ജ്വല വിജയത്തില്‍ നിന്റെ കഠിനാധ്വാനം പോലെ തന്നെ നിന്റെ നാടിന്റെ വര്‍ഷങ്ങള്‍ നീണ്ട പിന്തുണയും പ്രോത്സാഹനവും ഉണ്ട്.
പക്ഷെ, സത്യം പറയട്ടെ സാക്ഷിയും സിന്ധുവും ഒക്കെ അവരുടെ മാത്രമായ അധ്വാനംകൊണ്ടു ഒരു വെള്ളിയോ വെങ്കലമോ നേടുമ്പോള്‍ ഫേസ്ബുക്കില്‍ ദേശാഭിമാന പോസ്റ്റ് ഇടും എന്നത് ഒഴിച്ചാല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഈ സ്‌പോര്‍ട്‌സിനോട് വലിയ ആത്മാര്‍ഥത ഒന്നും ഇല്ല. ഒക്കെ ഒരു പ്രകടനം ആണ്.
ഓരോ പന്തിലും കച്ചവടം ബൗണ്ടറി കടക്കുന്ന ക്രിക്കറ്റ് മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ പതിയുന്ന കായികവിനോദം. ക്രിക്കറ്റില്‍ പാകിസ്ഥാന് എതിരെ സിക്‌സര്‍ അടിക്കുന്നതാണ് ഞങ്ങളുടെ കായിക പ്രേമവും ദേശാഭിമാനവും ഏറ്റവും ഉന്നതിയില്‍ എത്തുന്ന നിമിഷം.

2

കരോലിന,
നിനക്ക് ഓര്‍മയുണ്ടല്ലോ , കുറച്ചുനാള്‍ മുന്‍പ് നിന്റെ നാട്ടില്‍ ഉണ്ടായ വിവാദം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിലും ഫണ്ട് വകമാറ്റി ഫുട്‌ബോള്‍ ക്ലബുകളുടെ വികസനത്തിനായി നല്‍കുന്ന സ്‌പെയിന്‍ സര്‍ക്കാര്‍ നടപടിയാണ് അന്ന് വിവാദം ആയത്. ഇല്ലാത്ത പണം കണ്ടെത്തി കായിക വളര്‍ച്ചക്ക് നല്‍കി വിവാദത്തില്‍ ആയ സര്‍ക്കാര്‍ ആണ് നിന്റെ നാട്ടിലേത്.
ഏതാണ്ട് ഇതേ സമയം ഇവിടെ ഞങ്ങളുടെ രാജ്യത്തും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ കായിക മാമാങ്കങ്ങള്‍ക്ക് വകയിരുത്തിയ പണം പോക്കറ്റിലാക്കിയ രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാരെ കുറിച്ചുള്ള വിവാദം ആയിരുന്നു ഇവിടെ. ക്രിമിനലുകള്‍ വാണ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പേരില്‍ ഞങ്ങള്‍ ലോക ഒളിമ്പിക് കമ്മറ്റിയുടെ വിലക്ക് ഏറ്റുവാങ്ങി തലകുനിച്ചു നിന്നതും നീ അറിഞ്ഞിട്ടുണ്ടാവും കരോലിന. ഒരു പന്ത് കിട്ടിയാല്‍ അത് എങ്ങനെ അടിച്ചുയര്‍ത്താം എന്നാണു കായികതാരം ചിന്തിക്കുക. പക്ഷെ, ആ പന്ത് ഉപയോഗിക്കാതെ എങ്ങനെ അടിച്ചുമാറ്റി വില്‍ക്കാം എന്നാണു ഞങ്ങളുടെ ആലോചന.
എന്നുകരുതി രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും ബ്യുറോക്രസിയുടെയും കയ്യിട്ടുവാരലും കണ്ണടക്കലും കൊണ്ട് മാത്രം ആണ് ഞങ്ങള്‍ ഇങ്ങനെ ആയിപോയത് എന്ന് കരുതല്ലേ. അടിസ്ഥാന കായിക സംസ്‌കാരം എന്നൊന്ന് ഞങ്ങളുടെ ഏഴു അയലത്തൂടെ പോയിട്ടില്ല.
സിന്ധുവിനും സാക്ഷിക്കും അഭിവാദ്യം അര്‍പ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ട് ഞങ്ങള്‍ 130 കോടി വരുന്ന ഈ മഹാരാജ്യത്തെ പ്രജകള്‍ ഒടുക്കത്തെ ദേശാഭിമാനികളും കായികപ്രേമികളും ആണ് എന്നോന്നും വിചാരിച്ചേക്കരുതെ…

JAKARTA, INDONESIA - AUGUST 16:  (CHINA OUT) Gold medalist Carolina Marin of Spain celebrates on the podium after the Women's Singles final match of the 2015 Total BWF World Championship at Istora Senayan on August 16, 2015 in Jakarta, Indonesia.  (Photo by VCG/VCG via Getty Images)

JAKARTA, INDONESIA – AUGUST 16: (CHINA OUT) Gold medalist Carolina Marin of Spain celebrates on the podium after the Women’s Singles final match of the 2015 Total BWF World Championship at Istora Senayan on August 16, 2015 in Jakarta, Indonesia. (Photo by VCG/VCG via Getty Images)

പെണ്ണുങ്ങള്‍ വീടിനു പുറത്തു ഇറങ്ങുന്നത് മതപരമായി ശരിയാണോ?, അവര്‍ ഓടിയാല്‍ ഗര്‍ഭപാത്രം ഇളകിപോകുമോ?, പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ അച്ഛന്‍ മരം നടണോ, പെണ്ണുങ്ങളെ അമ്പലത്തിലും പള്ളിയിലും കയറ്റണോ തുടങ്ങിയ വിഷയങ്ങളില്‍ പോലും ഞങ്ങള്‍ സ്വാതന്ത്ര്യം കിട്ടി 70 കൊല്ലമായിട്ടും ചര്‍ച്ച തുടരുന്നതെയുള്ളൂ. ‘വീട്ടില്‍ കക്കൂസ് പണിയാന്‍ ഭര്‍ത്താവിനോട് പറയേണ്ടത് എങ്ങനെ’ എന്ന കാര്യം പോലും പ്രധാനമന്ത്രി നേരിട്ട് ഇപ്പോള്‍ ഞങ്ങളുടെ പെണ്ണുങ്ങളെ പടിപ്പിക്കുന്നതെയുള്ളൂ.
ആര്‍ത്തവകാലത്തു സ്ത്രീകള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ രാജ്യത്തെ ഒരു പ്രധാന ദേശീയ സംവാദവിഷയം. സാനിയമിര്‍സ കായിക വേഷത്തില്‍ ടെന്നീസ് കളിക്കുന്നതില്‍ പോലും പ്രതിഷേധം ഉള്ളവര്‍ ഇവിടെ ഇപ്പോഴും ഉണ്ട്. ഡോക്ടര്‍, എഞ്ചിനീയര്‍…അതുവിട്ടൊരു ലക്ഷ്യവും ഞങ്ങള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കാറില്ല. സി ബി എസ ഇ സ്‌കൂള്‍, ട്യൂഷന്‍, ഹോംവര്‍ക്, പഠിത്തം…

4

ഇതാണ് ശരാശരി മധ്യവര്‍ഗ ഇന്ത്യന്‍ കുട്ടിയുടെ 20 കൊല്ലത്തെ ജീവിതം. ഓടാനോ കളിക്കാനോ പോയിട്ട് നേരാംവണ്ണം നിവര്‍ന്നു നില്‍ക്കാന്‍ പോലും സമയം കിട്ടില്ല. ഫുഡ്‌ബോളും ടെന്നിസും ബാഡ്മിന്റണും തൊട്ടു പത്തിരുപതു സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ എങ്കിലും ഒന്നാംതരം സര്‍ക്കാര്‍ സഹായവും പിന്തുണയും പരിശീലന സൗകര്യങ്ങളും എല്ലാം ഉള്ള നിങ്ങള്‍ സ്‌പെയിന്‍കാര്‍ക്കു ഞങ്ങള്‍ ഇന്ത്യക്കാരുടെ ഒരു മാനസികാവസ്ഥ മനസിലാകുമോ എന്നറിയില്ല.
ഒരു കാര്യം മാത്രം പറയാം കരോലിന, ഇങ്ങു ഇന്ത്യയില്‍ ആയിരുന്നു നീ ജനിച്ചത് എങ്കില്‍ ഒളിമ്പിക്‌സ് മെഡലിന് പകരം രണ്ടോ മൂന്നോ പിള്ളേരേം ചുമന്നു ഏതെങ്കിലും അടുക്കളയില്‍ ഉത്തമ ഭാര്യ ആയി തീ ഊതുന്നുണ്ടാവും നീ ഇപ്പോള്‍. ഇനി കായികതാരം ആയാല്‍ തന്നെ ഏറിപ്പോയാല്‍ കോളേജ് ലെവല്‍ വരെ. അപ്പൊ പിടിച്ചു കെട്ടിക്കും. പിന്നെ ജീവിതം ഉത്തമ ഭാര്യ ആയി കട്ടാപൊഹ…
ഇങ്ങനെ പറഞ്ഞു പോയാല്‍ കുറെ ഉണ്ട് പറയാന്‍. നിര്‍ത്തട്ടെ. ഇന്ത്യന്‍ സ്ത്രീയുടെ അഭിമാനം ഉയര്‍ത്തിയ സിന്ധുവിനെ അഭിനന്ദിച്ചു ഒരു പോസ്റ്റും ദേശീയ പതാക വച്ച് മൂന്നും ട്രോളും കൂടി ഇടാനുണ്ട്. ഇപ്പോള്‍ തന്നെ വൈകി. രാവിലെ നേരത്തെ എണീറ്റ് പെങ്ങളെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസ്സില്‍ കൊണ്ടുവിടാന്‍ ഉള്ളതാണ്.
അപ്പോള്‍ കരോലിന,
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍….
ഇതിനകം റിയോയില്‍ ആറു സ്വര്‍ണം അടക്കം 11 മെഡല്‍ നേടികഴിഞ്ഞ സ്‌പെയിന്‍ എന്ന നിന്റെ രാജ്യത്തോടുള്ള ഒടുക്കത്തെ കുശുമ്പുമായി ഒരു പാവം ഇന്ത്യക്കാരന്‍…

(പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുല്‍ റഷീദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)