പൊട്ടിത്തെറിക്ക് വിരാമം; കൂടുതല്‍ സുരക്ഷ; ലിഥിയം അയേണ്‍ ബാറ്ററിക്ക് പുതിയ മുഖം

ഡിവൈസുകള്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ഇനിമുതല്‍ ഒഴിവാക്കാം.പുതിയ ലിഥിയം അയേണ്‍ ബാറ്ററികള്‍ ഗവേഷകര്‍ വികസിപ്പിച്ചു. പൂര്‍ണമായും ഖരരൂപത്തിലുള്ള രാസ മിശ്രിതങ്ങള്‍ ചേര്‍ത്താണ് പുതിയ ലിയോണ്‍ ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലെ ബാറ്ററിയുടെ പകുതി വലുപ്പമേ പുതിയ ബാറ്ററിക്ക് ഉള്ളത്. സ്വിസ്റ്റര്‍ലന്‍ഡ് തലസ്ഥാനമായ സൂറിച്ചിലുള്ള ഇടിഎച്ചിലെ ഗവേഷകരാണ് നിര്‍മ്മാണത്തിന് പിന്നില്‍. ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ നിശ്ചിത ഊഷ്മാവില്‍ കൂടിയ അന്തരീക്ഷത്തില്‍ സ്പാര്‍ക്ക് ഉണ്ടായി പെട്ടിത്തെറിച്ച സംഭവങ്ങള്‍ കുറെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതൊഴിവാക്കി കൂടുതല്‍ സുരക്ഷ നല്‍കാനാണ് പുതിയ ബാറ്ററി വികസിപ്പിച്ചത്.

മറ്റ് ബാറ്ററികളെ പോലെ പരമ്പരാഗത ലിഥിയം അയേണ്‍ ബാറ്ററികളിലും പോസിറ്റീവ്, നെഗറ്റീവ് പോളുകള്‍(രണ്ട് ഇലക്ട്രോഡുകള്‍) ഖരരൂപത്തിലുള്ള കണ്ടക്ടീവ് മിശ്രിതങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദ്രാവക രൂപത്തിലോ/ ജെല്‍ ഇലക്ട്രോലൈറ്റായോ ആണ് ഇലക്ട്രോഡുകള്‍ക്കിടയിലുള്ള ചാര്‍ജ് പ്രവാഹം. ഇതുപോലുള്ള ബാറ്ററികള്‍ അനുചിതമായി(ഓവര്‍ചാര്‍ജ്) ഉപയോഗിച്ചാലോ ശക്തിയേറിയ സൂര്യപ്രകാശം കൊള്ളുന്ന തരത്തില്‍ വെച്ചാലോ ദ്രാവകത്തിന് തീപിടിക്കാനോ/ജെല്‍ തിളക്കാനോ സാധ്യതയുണ്ട്. ഇതിന് തടയിടുകയാണ് പുതിയ ബാറ്ററിയിലൂടെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്.