പൂവിന്‍ ചൊടിയിലും മൗനം, ഭൂമിദേവിതന്‍ ആത്മാവില്‍ മൗനം; ഓര്‍മ്മകളില്‍ ജോണ്‍സണ്‍ സംഗീതം ഇപ്പോഴും അലയടിക്കുന്നുണ്ട്

കൊച്ചി: മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മയില്‍ ആരാധകവൃന്ദം. മലയാളിക്ക് എക്കാലവും ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച് ആ താരകം മാഞ്ഞുപോയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും വേദനയാണ്. 1953ല്‍ സംഗീത പ്രാധാന്യമുള്ള ക്രിസ്ത്രീയ കുടുംബത്തില്‍ ജനിച്ച ജോണ്‍സണ്‍ നിരവധി ഭക്തിഗാനങ്ങള്‍ക്കും, ആല്‍ബത്തിനും സംഗീതം നല്‍കി. 1994ല്‍ പൊന്തന്‍മാടയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കുമ്പോള്‍ ഈ അവാര്‍ഡ് കൈയ്യിലേന്തുന്ന ആദ്യ മലയാളിയുമായി ജോണ്‍സണ്‍. 1968ല്‍ വോയിസ് ഓഫ് തൃശ്ശൂര്‍ എന്ന സംഗീതക്കൂട്ടായ്മയിലൂടെ ജോണ്‍സണ്‍ മാഷ് മലയാളിയുടെ ഹൃദയത്തിലേക്ക് കൂടുതല്‍ ഗാനങ്ങള്‍ ഈണമിട്ട് ചേക്കേറി. ജോണ്‍സണിലെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞ ദേവരാജന്‍ മാഷാണ് അദ്ദേഹത്തെ മലയാളസിനിമക്ക് സംഭാവന ചെയ്തത്. പിന്നെ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. വയലിന്‍, ഹാര്‍മോണിയം, ഗിറ്റാര്‍, ഫ്‌ളൂട്ട് തുടങ്ങി സംഗീതത്തിന്റെ ഇടനാഴികളില്‍ ജോണ്‍സണ്‍ന്റെ വിരലുകള്‍ തൊടാത്ത വാദ്യോപകരണങ്ങളില്ല. കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ചുരം, വെങ്കലം, ഞാന്‍ ഗന്ധര്‍വന്‍, ക്ഷണക്കത്ത് അങ്ങനെ പോകുന്നു ജോണ്‍സണ്‍മാഷ് ഈണം നല്‍കി അനശ്വരമാക്കിയ സിനിമകള്‍. നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലെ എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നുവന്നു എന്ന ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ഗാനം തന്നെയാണ് ജോണ്‍സണ് ഇഷ്ടമുള്ളതും. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടാതെ കിരീടവും, കുന്നിമണിചെപ്പു തുറക്കാതെ പൊന്‍മുട്ടയിടുന്ന താറാവും പാലപ്പൂവിന്റെ മണമില്ലാതെ ഞാന്‍ ഗന്ധര്‍വനും രാജഹംസങ്ങള്‍ നീന്തിത്തുടിക്കാതെ ചമയത്തിന്റെ കടല്‍ത്തീരവും നമുക്കോര്‍ക്കാന്‍ കഴിയില്ല. ഭരതന്‍, പത്മരാജന്‍, കമല്‍, ലോഹിത ദാസ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയാണ് മാഷിന്റെ മാസ്റ്റര്‍പീസുകള്‍ പലതും പിറവിയെടുത്തത്. 1980ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍ തുടങ്ങി 2011ല്‍ നാടകമേ ഉലകം വരെ മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. അദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ എക്കാലവും മലയാളിയുടെ മനസ്സിലുണ്ടാകും.

© 2024 Live Kerala News. All Rights Reserved.