ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും താനും ഇന്ത്യയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും അതിന് സമ്മതിച്ചില്ല. ഭായ് (ദാവൂദ്) ഇക്കാര്യം ലണ്ടനില്‍ വെച്ച് രാം ജെത്മലാനിയോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്വാനിയാണ് അതിനെ ശക്തിയായി എതിര്‍ത്തത് ഷക്കീല്‍ വെളിപ്പെടുത്തി.
ഷക്കീലിന്റെ മകളുടെ വിവാഹത്തിന് എത്താനിരുന്ന ദാവൂദ് തന്നെ വധിക്കാനുള്ള ഗൂഡാലോചനയെ കുറിച്ചറിഞ്ഞ് ചടങ്ങിന് വന്നില്ലല്ലോ എന്ന ചോദ്യത്തിന് അതു വെറും കെട്ടുകഥയാണെന്ന് ഷക്കീല്‍ പറഞ്ഞു. ദാവൂദിനെതിരെ വധശ്രമങ്ങളുണ്ടായിട്ടില്ല. സത്യം ഒന്നാണ്. കെട്ടുകഥ മറ്റൊന്നും.
ദാവൂദിനെയും തന്നെയും പിടികൂടാന്‍ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ട് ഛോട്ടാ രാജനെ പിടികൂടാന്‍ കാണിക്കുന്നില്ലെന്നും ഷക്കീല്‍ ചോദിച്ചു. രാജനെ കൊല്ലാന്‍ താനൊറ്റയ്ക്ക് ഓസ്‌ട്രേലിയയിവെ ന്യൂ കാസിലില്‍ പോയതും അതറിഞ്ഞ് ‘എലി’യെപ്പോലെ രാജന്‍ ഓടിയൊളിച്ചതും ഷക്കീല്‍ പറഞ്ഞു.