വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലയണല്‍ മെസി വീണ്ടും രാജ്യാന്തര ഫുട്‌ബോളിലേക്ക്; തീരുമാനം രാജ്യത്തോടുള്ള സ്‌നേഹം മൂലമെന്ന് മെസി

ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി വിരമിക്കുന്നുയെന്ന്. എന്നാല്‍ മെസിയുടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങി എത്തുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുളള അര്‍ജന്റീന ടീമിലേക്ക് ലയണല്‍ മെസിയും സെര്‍ജിയോ അഗ്യുറോ അടക്കമുളള താരങ്ങളെ പുതിയ കോച്ചായ എഡ്ഗ്വാര്‍ഡോ ബ്വാസാ തെരഞ്ഞെടുത്തിട്ടുണ്ട്. കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിനു പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു. ‘രാജ്യത്തോടുള്ള സ്‌നേഹം’ കാരണം മെസി തീരുമാനത്തില്‍ നിന്നും യുടേണ്‍ എടുത്തു എന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന് ബി.ബി.സി പറയുന്നു. സെപ്റ്റംബര്‍ ആദ്യം ഉറൂഗ്വേ, വെനിസ്വേല എന്നിവര്‍ക്കെതിരായാണ് അര്‍ജന്റീന യോഗ്യതാ മത്സരം കളിക്കുക. ‘ഫൈനല്‍ ദിവസം രാത്രി ഒട്ടേറെ കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി. വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിച്ചു. പക്ഷെ രാജ്യത്തോടുള്ള എന്റെ സ്‌നേഹവും ഈ ഷര്‍ട്ടും വളരെ മഹത്തരമാണ്.’ മെസി ഇങ്ങനെ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.