ചികിത്സിക്കാന്‍ കൈക്കൂലി വേണമെന്ന് ജീവനക്കാര്‍; മാതാപിതാക്കള്‍ക്ക് കൈക്കൂലി നല്‍കാനായില്ല; 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സിക്കാന്‍ കൈക്കൂലി വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.കൈക്കൂലി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. അസുഖം മൂര്‍ച്ഛിച്ച് കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളോട് കുഞ്ഞിനെ കിടത്താന്‍ 30 രൂപ തൂപ്പുകാരി കൈക്കൂലി ചോദിച്ചു. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് സ്റ്റാഫുകള്‍ കുഞ്ഞിനെ ചില്‍ഡ്രന്‍സ് വാര്‍ഡില്‍ നിന്നും മാറ്റി. അത്യാഹിത കുത്തിവെയ്പ്പ് നടത്തേണ്ടയാള്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടതായും കുത്തിവെയ്പ്പ് താമസിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നും കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തിയ മാതാവ് സുമിതാ ദത്ത് ആരോപിക്കുന്നു.

ഇഞ്ചക്ഷന്‍ നല്‍കാന്‍ വന്ന മെഡിക്കല്‍ അസിസ്റ്റന്റിന്റെ വകയായിരുന്നു പിന്നെ കൈക്കൂലി ആവശ്യപ്പെടല്‍. സൗജന്യമായി മരുന്ന് നല്‍കുന്ന ആശുപത്രിയില്‍ മരുന്നിന്റെ വില എന്ന രീതിയിലായിരുന്നു ചോദ്യം. അപ്പോള്‍ കയ്യില്‍ പണമില്ലായിരുന്നതിനാല്‍ അല്‍പ്പം സമയം ആവശ്യപ്പെട്ടെന്ന് സുമിത പറഞ്ഞു. അല്‍പ്പ സമയത്തെ തര്‍ക്കത്തിന് ശേഷം അദ്ദേഹം ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലൂം ഏറെ വൈകിപ്പോയെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ എല്ലാവരും കൈക്കൂലി ചോദിച്ചെന്നും സ്വകാര്യ പ്രാക്ടീസ് ഉള്ളതിനാലാണ് ഡോക്ടര്‍മാര്‍ ചോദിക്കാഞ്ഞതെന്നും അസുഖത്തിന് സ്വന്തം വസ്തു വിറ്റിട്ടാണെങ്കിലും എല്ലാവരും വരാകായെന്ന് മാതാപിതാക്കള്‍ ചോദിച്ചു. ഇവരുടെ പരാതിയെ തുടര്‍ന്ന് ആരോപിക്കപ്പെട്ട നഴ്‌സിനെ അന്വേഷണാടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്യുകയും തൂപ്പുകാരിയെ പിരിച്ചുവിടുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.