ബിഎസ്എന്‍എലില്‍ വന്‍ ഓഫര്‍; ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍ നിന്നും ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാം

കൊച്ചി: ബിഎസ്എന്‍എല്‍ വന്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാം.താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ പുതിയ ഓഫര്‍ ഓഗസ്റ്റ് 15 മുതല്‍ ഓഫര്‍ നിലവില്‍ വരും. ഇപ്പോഴുള്ള നൈറ്റ് കോള്‍ ഫ്രീ ഓഫറിനു പുറമെയാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യ കോള്‍ അവതരിപ്പിക്കുന്നത്. നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്‌വര്‍ക്കിലേക്കും ലാന്‍ഡ്‌ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം. ലാന്‍ഡ്‌ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ഇതിനു വ്യാപകമായ പ്രതികരണമുണ്ടായെന്നാണു ബിഎസ്എന്‍എല്‍ അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനെ തുടര്‍ന്നാണ് അവധി ദിനമായ ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ലാന്‍ഡ്‌ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നവരെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും ഇതു വഴി സാധിക്കുമെന്നാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നു.