വിജയവാഡ: ഗുജറാത്തിനു പിന്നാലെ ആന്ധ്രപ്രദേശിലും ദളിതര്‍ക്ക് നേരെ സംഘടിത സവര്‍ണ്ണ ആക്രമണം. ചത്ത പശുവിന്റെ തൊലിയുരിച്ചുവെന്നാരോപിച്ചാണ് ദളിത് സഹോദരന്‍മാരെ വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ട് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ധിച്ചത്. അമലാപുരത്തുവച്ചാണു സംഭവം. ജോലികഴിഞ്ഞുവരുമ്പോള്‍ സഹോദരങ്ങളായ മൊകാട്ടി എലിസയ്ക്കും ലാസറിനും വൈദ്യുതി കമ്പിയില്‍ തട്ടി ചത്ത പശുവിന്റെ തൊലി ലഭിച്ചിരുന്നു. എന്നാല്‍ പശുവിനെ കൊന്നുവെന്നും തൊലിയുരിഞ്ഞുവെന്നും ആരോപിച്ചാണ് ഇവരെ മര്‍ദ്ധിച്ചത്. പുല്ലുമേയുന്നതിനിടെയാണു പശുവിനു വൈദ്യുതാഘാതമേറ്റത്. അതിന്റെ ഉടമ എലിസയേയും ലാസറിനെയും വിളിച്ചു തൊലിയുരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലും സമാനമായ ആക്രമണമാണ് ദളിതര്‍ക്ക് നേരെ നടക്കുന്നത്. തെലങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്നതിനെതിരെ നരേന്ദ്ര മോഡിതന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.