ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നടപടി പുനഃപരിശോധിക്കില്ലെന്നു സര്‍ക്കാര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും സിനിമാ പ്രവര്‍ത്തകരെയും അറിയിച്ചു. സ്വയംഭരണം ഉള്‍പ്പടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം വിദ്യാര്‍ഥികള്‍ ഇന്നു ദില്ലിയില്‍ വാര്‍ത്താ വിതരണമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. സമരം മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഗിരീഷ് കാസറവള്ളി, റസൂല്‍ പൂക്കുട്ടി, ബീനാ പോള്‍ തുടങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പമാണു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അരുണ്‍ ജയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയത്. ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ച വിഷയത്തില്‍ പുനഃപരിശോധന വേണം എന്നതായിരുന്നു ആദ്യ ആവശ്യം. ഒരു മണിക്കൂറോളം സിനിമാ പ്രവര്‍ത്തകരുമായും വിദ്യാര്‍ഥികളുമായും സംസാരിച്ച ജയ്റ്റ്‌ലി ചെയര്‍മാന്റെ നിയമനം റദ്ദാക്കാന്‍ ഭരണ തടസ്സങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കി.
സ്വയംഭരണം ഉള്‍പ്പടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വയംഭരണം പഠിക്കാന്‍ താല്‍ക്കാലിക സമിതി വേണമെന്നന്ന വിദ്യാര്‍ഥികളുടെ നിര്‍ദേശം പരിഗണിക്കാമെന്നു ജയ്റ്റ്‌ലി ഉറപ്പു നല്‍കി. പ്രധാന ആവശ്യം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും മന്ത്രിയുടെ സമീപനം ക്രിയാത്മകമായിരുന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
ചെയര്‍മാനെ പിന്‍വലിക്കില്ല എന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്ത് വേണമെന്ന് സമരസമിതി ആലോചിച്ച് പ്രഖ്യാപിക്കും. സമരം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ താല്‍ക്കാലിക പരിശോധനാ സമിതി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.