കാണ്ടഹാര്‍ വിമാന റാഞ്ചല്‍: സര്‍ക്കാരിന്റേത് അബദ്ധ തീരുമാനം: റോ മുന്‍ മേധാവി

 

ന്യൂഡല്‍ഹി: 1999ലെ കാണ്ടഹാര്‍ വിമാന റാഞ്ചല്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും അന്ന് സര്‍ക്കാര്‍ എടുത്തത് അബദ്ധ തീരുമാനം ആയിരുന്നുവെന്നും റോ മുന്‍ മേധാവി എ.എസ്.ദുലത്. റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്ധനം നിറയ്ക്കാനായി പഞ്ചാബിലെ അമൃത്സറില്‍ ഇറക്കിയപ്പോള്‍ തീരുമാനമെടുക്കാന്‍ ആരും തയാറായില്ല. പഞ്ചാബ് പൊലീസ് ആക്രമണത്തിനു സജ്ജരായി നില്‍ക്കുകയായിരുന്നെങ്കിലും ഡല്‍ഹിയില്‍ നിന്നു ഉത്തരവു വരാത്തതിനാല്‍ അതിനു സാധിച്ചില്ല.

തുടര്‍ന്ന് സംശയം തോന്നിയ ഭീകരര്‍ ഉടന്‍ തന്നെ വിമാനം പറപ്പിക്കാന്‍ പൈലറ്റുമാരോട് ഉത്തരവിടുകയായിരുന്നു. വിമാനയാത്രക്കാരില്‍ ആരുടെങ്കിലും ജീവന്‍ നഷ്ടമാകുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അനങ്ങാതെ നിന്നത്.
ആദ്യഘട്ടത്തില്‍ 105 ഭീകരരെ മോചിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതു പിന്നീട് 35, 15 എന്നിങ്ങനെ കുറഞ്ഞുവന്നു. അവസാനം മൂന്നുപേരിലേയ്ക്ക് പട്ടിക ചുരുങ്ങുകയായിരുന്നുവെന്ന് ദുലത് പറഞ്ഞു.

മൂന്നു ഭീകരരെ വിട്ടുനല്‍കുന്നതിനെ ചൊല്ലി ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല തന്നോട് കയര്‍ത്തു സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ വിട്ടയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അബദ്ധമാണെന്നും രാജിവയ്ക്കാന്‍ സന്നദ്ധമാണെന്നും അബ്ദുല്ല പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഇടപെട്ടാണ് അബ്ദുല്ലയുടെ രാജി തീരുമാനം മാറ്റിയത്.

എട്ട് ദിവസത്തോളം നീണ്ട റാഞ്ചലില്‍ 155 യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പകരമായി മൂന്ന് കൊടുംഭീകരരായ മുഷ്താഖ് ലത്രം, മൗലാന മസൂദ് അസഹ്ര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ് എന്നിവരെയാണ് ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വന്നത്.

© 2024 Live Kerala News. All Rights Reserved.