കിസ്മത്ത്; റിയലസ്റ്റിക് നിര്‍മ്മാണശൈലിയും ഉള്‍ക്കരുത്താര്‍ന്ന പ്രമേയവും

സരുണ്‍ എ ജോസ്

ഏറെ പുരോഗമനമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ മതാധികാരവും, ജാതി-സവര്‍ണ മേല്‍ക്കോയ്മയും, അവയ്ക്ക് ചൂട്ട് പിടിക്കുന്ന ഭരണകൂടവും വ്യക്തികള്‍ക്ക് മുമ്പില്‍ ഇരുമ്പുലക്കുമായി നില്‍ക്കുന്നതിന്റെ സംഭവ കഥയാണ് കിസ്മത്ത്. പ്രണയമാണ് കിസ്മത്തിന്റെ പ്രമേയം.2011 ല്‍ പൊന്നാനിയില്‍ നടന്ന സംഭവത്തെ ആധാരമാക്കി ഷാനവാസ് കെ ബാവക്കുട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം. ഒരു പകലില്‍ തുടങ്ങി അടുത്ത പകലില്‍ സിനിമ തീരുന്നു. റിയലിസ്റ്റിക് നിര്‍മ്മാണ ശൈലിയിലാണ് കിസ്മത്തും ഒരുക്കിയിട്ടുള്ളത്. പതിവ് പ്രണയകഥകളിലെ ചേരുവകള്‍ ഇല്ലാതെയും, കാല്‍പ്പനികതയുടെ അകമ്പടിയില്ലാതെയും പറയുന്ന കഥ കൊളുത്തി വലിക്കുന്ന അനുഭവങ്ങളിലേക്ക് നയിക്കും. രണ്ട് വ്യക്തികളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളാണ് പ്രണയവും വിവാഹവുമെല്ലാം. ഈ കൂടിച്ചേരലുകള്‍ക്ക് പ്രകടമായ തടസ്സം മതമാണെന്ന് പറയുമ്പോഴും അതിനുമപ്പുറം ജാതിയും, മതവും, നിറവും, സമ്പത്തും ഉള്‍പ്പിരിഞ്ഞ് പുലര്‍ത്തുന്ന നിസംഗതയും, വെറുപ്പുമെല്ലാം വറ്റുകളായി സമൂഹത്തിലുണ്ടെന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു. നിയമം അനുവദിക്കുന്ന കൂടിച്ചേരലുകള്‍ക്ക് തടസ്സമാകുന്ന എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് മുന്നില്‍ ഭരണകൂടം പുലര്‍ത്തുന്ന വിധേയത്വവും സിനിമ ചര്‍ച്ചയ്‌ക്കെടുക്കുന്നു.

ki2

പൊന്നാനിയിലെ അറിയപ്പെടുന്ന വലിയ മുസ്ലീം കുടുംബത്തിലെ 23 കാരന്‍ ഇര്‍ഫാനും (ഷെയ്ന്‍ നിഗം) ദളിത് പെണ്‍കുട്ടി 28 കാരിയായ അനിതയും (ശ്രുതി മേനോന്‍) പ്രണയത്തിലാകുന്നു . കുടുംബവും സമൂഹവും സൃഷ്ടിക്കുന്ന ഭീഷണിയില്‍ നിന്നും സംരക്ഷണം തേടി ഇരുവരും പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെടുന്നിടത്ത് സിനിമ തുടങ്ങുന്നു. എഞ്ചിനീയറിംഗ് പ0നം പാതിവഴി ഉപേക്ഷിച്ചയാളാണ് ഇര്‍ഫാന്‍. ബൈക്കുകള്‍ മോടിപിടിപ്പിച്ച് വരുമാനം കണ്ടെത്തുന്ന ഇര്‍ഫാന്‍ വീട്ടുകാര്‍ക്ക് തല തിരിഞ്ഞവനുമാണ്. എടുത്തു ചാട്ടവും അസാധാരണ ധൈര്യവും കാണിക്കുന്ന ഇര്‍ഫാന്‍ ഉള്ളില്‍ ഭയമൊളിപ്പിച്ചയാളാണെന്ന് ചില സന്ദര്‍ഭങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഗവേഷക വിദ്യാര്‍ത്ഥിയായ അനിത സ്വതന്ത്ര ബോധവും പുരോഗമന ചിന്തയും ഉള്ള പെണ്‍കുട്ടിയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇര്‍ഫാനില്‍ കാണുന്ന സംഘര്‍ഷം അനിതയില്‍ ഉണ്ടാകുന്നില്ല. സിനിമയുടെ ആദ്യ പകുതി പൊലീസ് സ്റ്റേഷനും പരിസരവുമാണ്. അവിടുത്തെ പരാതിക്കാരിലെ രണ്ട് പേര്‍ മാത്രമാകുന്നു അപ്പോള്‍ ഇര്‍ഫാനും അനിതയും. അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന നീതി നിഷേധം, അസംകാരനായ തൊഴിലാളി സുമംഗല്‍, മെക്കാനിക്കായ ഷിഹാബ് എന്നീ സാധാരണക്കാരിലൂടെ പറയുന്നുണ്ട്. ഇടനിലക്കാര്‍ എങ്ങനെ അധികാര കേന്ദ്രങ്ങളില്‍ ഇടപെടുന്നു എന്നതിന്റെ ഉദാഹരണമാണ് കെ ടി എന്ന കഥാപാത്രം. പൊതുബോധം നിര്‍മ്മിച്ചെടുക്കുന്ന ഈ അധികാര നിര്‍വ്വഹണം സ്റ്റേഷനില്‍ ഇര്‍ഫാനിലും, അനിതയിലും മതം, ജാതി, നിറം, പ്രായം, തൊഴില്‍, എന്നീ വഴികളില്‍ പലവട്ടം അതിരുകള്‍ വരച്ചിടുന്നു .

ki3

സിനിമയില്‍ അജയ് സി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനയ് ഫോര്‍ട്ടാണ് . അനിതയുടെ ദളിത് സ്വത്വത്തെ അജയ് സി മേനോന്‍ നോക്കി കാണുന്നത് അയാളുടെ ജാതി ബോധത്തിനൊപ്പമാണെന്ന് കാണാം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ കൂടി സ്റ്റേഷനില്‍ എത്തുന്നതോടെ കഥാപരിസരം കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. ഉപദേശങ്ങള്‍ക്കും, ഭീഷണികള്‍ക്കും മുന്നില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ഇര്‍ഫാനും അനിതയും ഉറപ്പിച്ചു പറയുന്നിടത്ത് മതം ഏറെക്കുറെ അപ്രസക്തമാകുന്നുണ്ട്. എന്നാല്‍ പിന്നീട് മതത്തെക്കാള്‍ വലിയ തടസ്സം അനിതയുടെ ദളിത് സ്വത്വമാകുന്നു. അന്യമതസ്ഥ എന്നതിനെക്കാള്‍ കീഴാള യുവതി എന്നറിയുന്നിടത്താണ് ഇര്‍ഫാന്റെ സഹോദരി അനിതയോട് മുഖം തിരിക്കുന്നത്. മതം മാറ്റലിലൂടെ വിവാഹം എന്ന വാഗ്ദാനം ഇര്‍ഫാന്റെ ഉപ്പയും അമ്മാവനും നല്‍കുന്നുണ്ടെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്തിരിയുന്നുണ്ട് . ദളിത് യുവതി എന്ന ചിന്ത തന്നെയാകാം ഇതിന് പിന്നിലും. ജാതിപ്പേര് പറഞ്ഞ് പലവട്ടം അനിതയെ അവഹേളിക്കുന്ന ഇര്‍ഫാന്റെ സഹോദരനും ദളിത് വിരുദ്ധത ഉറഞ്ഞുകിടക്കുന്ന സമൂഹത്തെ പ്രതിനിദാനം ചെയ്യുന്നു. കരുത്തുള്ള കഥാപാത്രമായാണ് അനിതയെ അവതരിപ്പിക്കുന്നതെങ്കിലും സ്വത്വത്തിന്മേലുണ്ടാകുന്ന അരക്ഷിതത്വം അവളെ മതം മാറ്റണമെന്ന ആവശ്യത്തിന് മുന്നില്‍ നിശബ്ദയാക്കുന്നു.

ki4

സമകാലിക പരിസരങ്ങളിലെ ദളിത് വിരുദ്ധ അതിക്രമങ്ങളെ ഈ രീതിയില്‍ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പ്രണയത്തിനും വിവാഹത്തിനുമൊക്കെ പൊതുബോധം നിര്‍മ്മിച്ചെടുക്കുന്ന അലിഖിത വിലക്കുകളുണ്ടാകുമ്പോള്‍ അവിടെ ആ നിലക്കുള്ള പ്രതിരോധമാണ് ആവശ്യമെന്ന് സിനിമ പറയുന്നു. സംഗീതത്തിലും, സംഭാഷണങ്ങളിലും ,പല തരം കാഴ്ചകളിലും പൊന്നാനിയുടെ സാംസ്‌ക്കാരിക തനിമ സിനിമയില്‍ അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സിനിമയുടെ പര്യവസാനം. കഥാപാത്ര നിര്‍മ്മാണത്തിലും അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും ഷാനവാസ് ബാവക്കുട്ടി എന്ന എഴുത്തുകാരനും സംവിധായകനും വിജയിച്ചിട്ടുണ്ട്. ഇര്‍ഫാനായി വേഷമിട്ട ഷെയ്ന്‍ നിഗം മികച്ച അഭിനേതാവാണെന്ന് തെളിയിച്ചു. സിനിമ കണ്ടിറങ്ങിയാലും നിസംഗതയില്‍ വിറക്കുന്ന ഇര്‍ഫാന്റെ ചുണ്ടുകളും മുഖഭാവവും മായാന്‍ സമയമെടുക്കും. ചിലയിടങ്ങളിലെ ഡബ്ബിംഗ് പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ ശ്രുതി മേനോന്‍ കഥാപാത്രത്തെ ഭദ്രമാക്കി. വിനയ് ഫോര്‍ട്ടിന്റെ താണ് എടുത്ത് പറയേണ്ട പ്രകടനങ്ങളിലൊന്ന്. സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടുമാറി പരുക്കന്‍ പൊലീസ് ഓഫീസറെ ശരീരഭാഷ കൊണ്ടും ഭാവം കൊണ്ടും മനോഹരമാക്കി. അലന്‍സിയര്‍, സുനില്‍ സുഖദ, പി ബാലചന്ദ്രന്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മികച്ചു നിന്നു. പൊന്നാനിയെ അടയാളപ്പെടുത്തുന്നതിലും സ്വാഭാവികത നിറഞ്ഞ ദൃശ്യങ്ങളാലും സുരേഷ് രാജനെന്ന ക്യാമറാമാന്‍ മികവ് കാട്ടി. പശ്ചാത്തല സംഗീതവും, ഖിസ പാതിയില്‍, നിലമണല്‍ തരികളില്‍ തുടങ്ങിയ പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ വരികളും സിനിമയെ സംഗീതമയമാക്കുന്നു. തുടക്കക്കാരന്റെ സിനിമയെന്ന മുന്‍ വിധികളൊന്നുമില്ലാതെ നിര്‍മ്മാണത്തിലും, വിതരണത്തിലും കിസ്മത്തിനൊപ്പം നിന്ന രാജീവ് രവിയും ലാല്‍ ജോസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.