തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയാണെങ്കിലും ചലച്ചിത്രതാരം കെപിഎസി ലളിത സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷയാകുമെന്ന് സൂചന. കഥാകൃത്ത് വൈശാഖന്‍ സാഹിത്യ അക്കാദമി അധ്യക്ഷനാകും. സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണ സമിതിയിലേക്ക് ബീനാപോള്‍ തിരിച്ചെത്തും. അക്കാദമി വൈസ് ചെയര്‍മാന്‍ പദവി നല്‍കിയാണ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ബീനാപോളിനെ സര്‍ക്കാര്‍ അക്കാദമിയിലേക്ക് കൊണ്ടുവരുന്നത്. ജയന്തിയുടെ കരാര്‍ കഴിഞ്ഞ ജൂലൈ 10ന് അവസാനിപ്പിക്കുകയും അക്കാദമി സെക്രട്ടറിയായി സി.ആര്‍.രാജ്‌മോഹനെ നിലനിര്‍ത്തിയുമാണ് ബീനാപോളിന് വീണ്ടും അക്കാദമിയിലത്തൊന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. മുന്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥും മുന്‍ സെക്രട്ടറി രാജേന്ദ്രന്‍നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2014 ജൂണിലാണ് ബീനാപോള്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.കെ) ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ കെപിഎസി ലളിതയുടെ പേര് സിപിഎം നേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് അവര്‍ സ്വമേധയാ പിന്‍മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷസ്ഥാനം ഇവരെ തേടിയെത്തുന്നത്. പുതുമകള്‍കൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ് വൈശാഖന്‍. നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം, യമകം തുടങ്ങിയവയാണ് വൈശാഖന്റെ പ്രധാനകൃതികള്‍.
.