യുഡിഎഫിലേക്കുള്ള ക്ഷണം: വിലകല്‍പ്പിക്കുന്നില്ലെന്ന് കാനം; ജനവിധി മാനിക്കണം

 

ന്യൂഡല്‍ഹി: സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്കും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തിനും വിലകല്‍പ്പിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഴുപതുകളുടെ രാഷ്ട്രീയം വേറെയും 2015ലേതു വേറെയുമാണ്. ഏഴുപതിലെ കോണ്‍ഗ്രസ് മരിച്ചുപോയെന്നും കാനം പ്രതികരിച്ചു.

ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തികൊണ്ടുവരികയെന്നതാണ് സിപിഐയുടെ രാഷ്ട്രീയ ലക്ഷ്യം. വിശാല ഇടതുപക്ഷമെന്നതാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായൊരു ബന്ധം അജണ്ടയില്‍ ഇല്ല. ഞങ്ങള്‍ മെലിഞ്ഞു പോയെന്നാണ് അവരുടെ സഹതാപം. അവര്‍ സ്വയം കണ്ണാടി എടുത്തു നോക്കട്ടേ. വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഔദ്യോഗിക പ്രതിപക്ഷം പോലുമാകാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് ഞങ്ങളോടുകാണിച്ച സഹായാനുഭൂതിക്ക് നന്ദിയുണ്ടെന്നും കാനം പരിഹസിച്ചു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ടു വ്യത്യസ്ത നിലപാടാണ് കാനം പ്രകടിപ്പിച്ചത്. അരുവിക്കരയില്‍ നടന്നത് ജനങ്ങളുടെ വിധിയെഴുത്താണ്. ഇതു മാനിക്കണം. തോല്‍വിയുടെ കാരണങ്ങള്‍ സിപിഐ പരിശോധിക്കും. തിരുത്തലുകളെ കുറിച്ച് എല്‍ഡിഎഫും ആലോചിക്കും. സോളറും സരിതയും പ്രചരണത്തിനു ഗുണം ചെയ്‌തോ എന്നും പരിശോധിക്കണം. ബിജെപിയുടെ വര്‍ഗീയതയ്ക്കും മോദി സര്‍ക്കാരിനുമെതിരെ പ്രചാരണം നടത്താന്‍ സാധിച്ചില്ല. കൂടാതെ ഒ.രാജഗോപാലിനു വ്യക്തിപരമായി കൂടുതല്‍ വോട്ടു പിടിക്കാന്‍ സാധിച്ചെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിന്റെ കളങ്കിത ബന്ധങ്ങളില്‍ നിന്നും മുങ്ങുന്ന കപ്പലായ ഇടതുമുന്നണിയില്‍ നിന്നും സിപിഐ പുറത്തു ചാടണമെന്നു കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ഇന്നലെ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേരള വികസന ചരിത്രത്തില്‍ അച്യുതമേനോന്‍ കൊത്തിവച്ച പൈതൃകം സിപിഐ ഏറ്റുവാങ്ങണമെന്നു വീക്ഷണം പറഞ്ഞു. ഇടതു പാര്‍ട്ടികളെ യുഡിഎഫിലേക്കു സ്വാഗതം ചെയ്യുമെന്നു മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സിപിഐയെ യുഡിഎഫിലേക്കു സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.