കബാലിയോളം ഉയര്‍ന്ന രജനിസം

എസ്. വിനേഷ് കുമാര്‍

പരാജയ പരമ്പരകളായ കൊച്ചടയാന്‍, ലിംഗാ തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചാണ് കബാലിയിലെ പ്രേക്ഷകമനസ്സ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ തിരിച്ചുവരവിന് കയ്യടിക്കുന്നത്. ഇന്ത ബാഷ ഒരു തടവ് സൊന്നാ നൂറുതടവ് സ്വന്നമാതിരിയും ആണ്ടവന്‍ സ്വല്ല്‌റെ അരുണാചലം മുടിക്ക്‌റെ, ഇത് ആറുപടയപ്പാ തുടങ്ങിയ രജിനികാന്തിന്റെ പഞ്ച് ഡയലോഗിനൊപ്പം ചേര്‍ത്ത് വായിക്കാവുന്ന നെരുപ്പ് ഡായും മകിഴ്ച്ചിയും തിയറ്റര്‍ വിട്ട് ആരാധകര്‍ക്കിടയിലേക്ക് നുഴഞ്ഞിറങ്ങുമ്പോഴാണ് കബാലിയുടെ അമാനുഷികമായ ആള്‍രൂപം നിറഞ്ഞാടുന്നത്. ഹീറോയിസത്തിനപ്പുറം മലേഷ്യയിലെ തമിഴരുടെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും സംവിധായകന്‍ പാ രഞ്ജിത്ത് സമര്‍ഥമായിത്തന്നെ ഉപയോഗിക്കുന്നുണ്ട് ചിത്രത്തില്‍. രജനികാന്ത് എന്ന നടനവൈഭവത്തെ തമിഴ്മക്കള്‍ക്ക് സമ്മാനിച്ച കെ ബാലചന്ദറിനോളമോ ദളപതിയെ മികവുറ്റതാക്കിയ മണിരത്‌നത്തോളമോ പ്രതീക്ഷിക്കാവുന്ന സംവിധായകനാണ് പാ രഞ്ജിത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം കബാലിയെ അത്രത്തോളം മനോഹരമാക്കാന്‍ ഈ സംവിധായകന്റെ കയ്യടക്കത്തിനായിട്ടുണ്ട്. പതിവ് മാസ്സ് മസാലയും ഹീറോയിസവും പഞ്ച് ഡയലോഗുകളും കബാലിയിലും സന്നിവേശിപ്പിക്കാതിരിക്കാന്‍ സംവിധായകനായില്ലെങ്കിലും താരമന്നന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്നതില്‍ കബാലിയുടെ സഞ്ചാരവും പാ രഞ്ജിതിന്റെ ആഖ്യാനരീതിയും മികവുറ്റതാണെന്ന് തന്നെ പറയാം. മലേഷ്യയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗ്യാംഗ്സ്റ്റാര്‍ കുടിപ്പകയില്‍ നല്ലതിന്റെ പക്ഷത്തുള്ള അധോലോകനായകനും ചീത്തയുടെ പക്ഷത്ത് നില്‍ക്കുന്ന കുപ്രസിദ്ധ 43 ഗ്രൂപ്പും തമ്മിലുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് ചിത്രത്തിന്റെ പ്രയാണം. ആദ്യവസാനം വരെ നിറഞ്ഞുനില്‍ക്കുന്ന കബാലിയെ അവസരത്തിലും അനവസരത്തിലുമുള്ള അരോചകമായ നര്‍മ്മത്തിലൂടെയല്ല രജനികാന്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ആ പതിവ് രീതിയില്‍ നിന്ന് കബാലി മുക്തമാവുന്നതാണ് കണ്ടത്. എല്ലാം കാല്‍ക്കീഴിലായ അധോലോക നായകന്റെ നിസ്സംഗതയും നിസ്സഹായവസ്ഥയുമൊക്കെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

k 2

രജനികാന്ത്-മമ്മൂട്ടി കൂട്ടുകെട്ടില്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതിയില്‍ രജനികാന്ത് മരിക്കുന്ന ക്ലൈമാക്‌സില്‍ തിയറ്ററുകള്‍ക്ക് തന്നെ തീയിട്ട ആരാധകരുടെ കാലത്ത് നിന്ന് കബാലിയിലേക്കുള്ള ദൂരം ദീര്‍ഘമല്ല. ഒടുവില്‍ മമ്മൂട്ടിയെ കൊന്ന് പ്രേക്ഷകനോട് കോമ്പ്രമൈസാകാന്‍ മണിരത്‌നത്തിന് കഴിഞ്ഞത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. രജനികാന്ത് ഫാന്‍സ് ഒരു സംഘടനയാവാത്ത കാലമായിരുന്നതെങ്കിലും ഇവിടെ കബാലിയില്‍ നെഞ്ചില്‍ വെടിയേറ്റിട്ടും ഇറങ്ങി നടക്കുന്ന കബാലീശ്വരനെ സൃഷ്ടിക്കുന്നതിനപ്പുറത്തേക്ക് പാ രഞ്ജിത്തിന് ഒന്നും ചെയ്യാനുമില്ല. ലോകമൊട്ടാതെത്തന്നെ ഇത്രത്തോളം ആരാധകവൃന്ദമുള്ളൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു. അവിടെയാണ് രജനികാന്തിന്റെ തിരിച്ചുവരവും കബാലിയുടെ നെരുപ്പും. വെട്ടിയും കുത്തിയും വെടിവെച്ചും അതിജീവനത്തിന്റെ വഴിയില്‍ തളരാതെ മുന്നേറുന്ന തമിഴന്റെ മലേഷ്യന്‍ അനുഭവം ഒരുവേള ശ്രീലങ്കയോടുള്ള ശരാശരി തമിഴന്റെ വൈരാഗ്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മാനസികമായി രൂപപ്പെട്ടതാവാം. കൃത്യതയാര്‍ന്ന നിലപാടോ രാഷ്ട്രീയമോ പറയുന്ന ചിത്രമെന്ന നിലയ്ക്ക് കബാലി പരാജയമാണെന്ന് നിസംശ്ശയം പറയാം.

kk

ന്യൂജനറേഷന്‍ തരംഗം കൊടുങ്കാറ്റായി വീശുമ്പോഴും 65 വയസ്സുകാരനായ രജനികാന്തിനോളം വരുന്നതല്ല ഒരു താരരാജാവുമെന്ന് ചിത്രം സധൈര്യം പറുന്നുമുണ്ട്. വിജയ്, സൂര്യ, അജിത് ടീമിന്റെ പതിവ് ടിപ്പിക്കല്‍ ഹീറോയിസത്തില്‍ നിന്ന് ബഹുദൂരം സഞ്ചരിച്ചാണ് കബാലി കയ്യടിവാങ്ങുന്നത്. വയലന്‍സിന്റെ അതിപ്രസരത്തിനിടയിലും ഹൃദയസ്പര്‍ശിയായിത്തന്നെ കബാലിയുടെ കുടുംബജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. തന്നോളംപോന്ന മകനല്ല, മകളായാലും കുടുംബത്തിനു താങ്ങാവുമെന്ന് ചിത്രം അടിവരയിടുമ്പോള്‍ നിലവിലെ പുരുഷകേന്ദ്രീകൃത സംവിധാനമിവിടെ തകര്‍ന്നുവീഴുന്നുമുണ്ട്. പഴയകാല മലയാളചിത്രങ്ങളിലെ സ്ഥിരം ചേരുവകള്‍ എവിടെയൊക്കെയോ കബാലിയിലും ദൃശ്യമാണ്. മധുവും കെആര്‍ വിജയയും ജയനും സുകുമാരനുമൊക്കെ പലവഴി തിരിഞ്ഞ് ഒടുവില്‍ ഒരുമിക്കുന്ന പാറ്റേണ്‍ ഇവിടെയും ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനിത് മുഷിപ്പുതോന്നുന്നുമില്ല. കബാലിയുടെ ഭാര്യയായ കുമുദവല്ലിയായി രാധിക ആപ്‌തേയും മകള്‍ യോഗിയായെത്തുന്ന ധന്‍സികയും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കുകതന്നെ ചെയ്തു.

k 3
പതിവ് എ ആര്‍ റഹ്മാനിസത്തില്‍ നിന്ന് പശ്ചാത്തലസംഗീതം മഹേഷ് നാരായണനിലേക്ക് പരീക്ഷിതമായി ചുവട്മാറ്റിയപ്പോള്‍ അലോസമരമല്ല, മറിച്ച് മകവുറ്റതായെന്ന് തന്നെ പറയേണ്ടിവരും. സിനിമയുടെ റിലീസിന് മുമ്പ് തന്നെ നെരുപ്പ് ഡാ( തീയാണെടാ) ഹാഷ് ടാഗ് ആയിരുന്നു. തിയറ്ററിലിത് മുഴങ്ങുമ്പോള്‍ ഏറെ കയ്യടികളോടെയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റിയത്. പണക്കാരനും പഠിക്കാത്തവനും വീരയും ഉഴൈപ്പാളിയും അണ്ണാമലയും മന്നനും പാണ്ഡ്യനും ബാഷയും അരുണാചലവും പടയപ്പയുമൊക്കെ കണ്ടവന് രജനിസത്തിന്റെ പുതിയ തരംഗത്തെ ഒരിക്കലും തള്ളിപ്പറയാനാവില്ല. കബാലി എന്ന ചിത്രത്തിനപ്പുറം രജനികാന്ത് എന്ന നടന്റെ അറുപത്തഞ്ചാം വയസ്സിലെ പെര്‍ഫോമന്‍സിനാണ് ഇവിടെ കയ്യടിക്കേണ്ടത്. ബിഗ് ബി അമിതാബ് ബച്ചനുപോലും ഇങ്ങനെയൊരു ഹീറോയിസം കാണിക്കാന്‍ ഇപ്പോള്‍ അസാധ്യമായിരിക്കെയാണ് കബാലിക്കായി ലോകം കാത്തിരുന്നത്. ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിന്റെ യന്തിരനിലെ ഹീറോയിസത്തില്‍ നിന്ന് മാറിയാണ് കബാലി നടക്കുന്നത്. സാങ്കേതികപരമായി ടെക്‌നോളജിക്കല്‍ ഫിക്ഷന്‍ ആയിരുന്നു യന്തിരനെങ്കില്‍ കബാലിയില്‍ കാണാനാവുക മറ്റൊരു രജനികാന്തിനെത്തന്നെയാണ്. പടയപ്പയിലെ ക്ലൈമാക്‌സില്‍ രജനികാന്തിന്റെ ഹീറോയിസം കണ്ട് മകളെ കെട്ടാന്‍പോകുന്നവന്‍ ഞെട്ടിത്തരിക്കുന്നുണ്ട്. ഗുണ്ടകളെ ഒറ്റയ്ക്ക് നേരിടാനിറങ്ങുന്ന രജനിയോട് കൊച്ചുപയ്യന്‍ ചോദിക്കുന്നു, നീങ്ക ഇന്ത വയസ്സിലെ… പൊട്ടിച്ചിരിയായിരുന്നു ചിത്രത്തില്‍ രജനിയുടെ മറുപടി. സിനിമയെന്ന പ്രപഞ്ചത്തില്‍ പൊട്ടിച്ചിരിയോടെ തന്റെ പ്രായത്തെ മറികടന്നാണ് രജനികാന്തിന്റെ പ്രയാണം.