ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതിലുള്ള പ്രതിപക്ഷ ബഹളം മൂലം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അച്ചടിക്കരാറിന്റെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും അച്ചടിവകുപ്പ് മന്ത്രിയും വ്യത്യസ്ത വിശദീകരണം നല്‍കിയതും പ്രതിഷേധത്തിനിടയാക്കി. ഈ മാസം 20നുള്ളില്‍ പുസ്തകവിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്നും നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധമാണ് നിയമസഭയില്‍ കണ്ടത്. പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. സ്വകാര്യ പ്രസ്സുകള്‍ക്കും ഗൈഡ് ലോബിക്കും വേണ്ടി സര്‍ക്കാര്‍ അച്ചടി വൈകിപ്പിച്ചു എന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ മാത്യു ടിതോമസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ 50 ലക്ഷം കുട്ടികളുടെ ഭാവി പന്താടുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കെബിപിഎസ് മെയ് അവസാനമാണ് അച്ചടി വൈകുമെന്ന കാര്യം അറിയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി. കെബിപിഎസിന് പുതിയ പുസ്തകങ്ങളുടെ അച്ചടിയുടെ അന്തിമകരാര്‍ കിട്ടിയത് ഫെബ്രുവരി 10നാണെന്ന് മന്ത്രി കെപി മോഹനന്‍. എങ്കില്‍ എന്തുകൊണ്ട് കരാര്‍ വൈകി നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പിന്നീടുള്ള ചോദ്യം. പരിശോധിച്ച് പറയാമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ആദ്യം അരമണിക്കൂറോളം സഭ നിര്‍ത്തിവച്ചു. വീണ്ടും തുടങ്ങിയപ്പോള്‍ക്ഷ് മുഖ്യമന്ത്രി സംസാരിക്കണമെന്നാവശ്യപ്പെട്ടായി പ്രതിഷേധം. വിദ്യാഭ്യാസമന്ത്രി മറുപടി പൂര്‍ത്തിയാക്കിയേഷം സംസാരിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും പ്രതിപക്ഷം വീണ്ടും നടുത്തളത്തിലേക്ക്. ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

© 2024 Live Kerala News. All Rights Reserved.