വിഐപികള്‍ക്കായി വിമാനം വൈകിപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടി

 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും ടിക്കറ്റ് കൊടുക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടി. സിവില്‍ വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും വിശദീകരണം നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് എന്നിവര്‍ക്കു വേണ്ടിയാണ് കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിയത്.

എന്നാല്‍, മൂന്നംഗ കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം തെറ്റാണെന്ന് വ്യോമസേന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരായ ജി.വി.ശ്രീനിവാസ്, ഭാര്യ ജി.വി.നീലം, മകന്‍ ധ്രുവ് ആര്യന്‍ എന്നിവര്‍ വൈകിയെത്തിയതിനാല്‍ ഇവരെ വിമാനത്തില്‍ കയറ്റിയിരുന്നില്ല. മാത്രമല്ല, എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനോട് വിഐപിയെ കാത്തിരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. രാവിലെയുള്ള സിന്ധു ദര്‍ശന്‍ ഉല്‍സവത്തില്‍ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് ഇറക്കിയത്. മന്ത്രിമാര്‍ക്കു വേണ്ടി വിമാനം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. ഇവര്‍ക്കുവേണ്ടി ഒരു മണിക്കൂറോളമാണ് വിമാനം വൈകിപ്പിച്ചത്.

അതേസമയം, വിമാനം വൈകിപ്പിച്ചത് തങ്ങള്‍ക്കുവേണ്ടിയാണെന്ന വാദം കിരണ്‍ റിജ്ജുവും നിര്‍മല്‍ സിങ്ങും നിഷേധിച്ചു. എയര്‍ഇന്ത്യ വിമാനസമയം പുനഃക്രമീകരിച്ചതാണെന്നാണ് ഇരുവരുടെയും അവകാശവാദം. മൂന്നു യാത്രക്കാരെ തങ്ങള്‍ക്കുവേണ്ടി ഇറക്കിയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് കിരണ്‍ റിജ്ജു പ്രതികരിച്ചു. അങ്ങനെ ചെയ്‌തെങ്കില്‍ അതു തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നും റിജ്ജു വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

സര്‍ക്കാരാണ് വിമാന ടിക്കറ്റുകള്‍ എടുത്തുതരുന്നത്. മൂന്നു യാത്രക്കാരെ ഇറക്കിയാണ് മന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ടിക്കറ്റ് എടുത്തതെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയെങ്കില്‍ ഇത് അനുവദിക്കില്ലായിരുന്നു, മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.