മദ്രസകള്‍ക്ക് സ്‌കൂള്‍ പദവി നല്‍കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മദ്രസകളെ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകളായി കണക്കാക്കാനാവില്ലെന്ന് മഹാരാഷ്ട്ര സാമൂഹ്യക്ഷേമ വകുപ്പ്മന്ത്രി. മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും ഈ വിദ്യാര്‍ഥികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി അനില്‍ കാംബ്ലെ പറഞ്ഞു. സര്‍ക്കാരിന്റെ പാഠ്യപദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെ ഔദ്യോഗിക വിദ്യാലയങ്ങളായി കണക്കാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചതു പ്രകാരം ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം എന്നിവ കൂടി പാഠ്യപദ്ധതി സിലബസില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതെന്നാണ് സംസ്ഥാന ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ഏകനാഥ് ഖഡ്‌സെ വിശദീകരിച്ചത്.

മദ്രസകളിലെ വിദ്യാര്‍ഥികളുടെ കണക്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ജൂലായ് നാലിന് സര്‍വെ നടത്തും. മുഴുവന്‍ കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും മന്ത്രി വിദശദീകരിച്ചു.

സ്‌കൂളുകള്‍ക്ക് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നതിനുള്ള സര്‍വെയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് തള്ളി.

2013ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 1,889 മദ്രസകളലായി 1.48 ലക്ഷം കുട്ടികള്‍ പഠിക്കുന്നുണ്ട്. പത്ത് വയസ്സിലാണ് മദ്രസകളില്‍ പ്രവേശനം. അറബിക്കും ഉറുദുവിനും പുറമെ ഹിന്ദി, കണക്ക്, ശാസ്ത്രം എന്നിവയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.