മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട;ദുബൈയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ മലയാളി പിടിയില്‍

കാസര്‍കോട്: മംഗലാപുരം വിമാനത്താവളം വഴി ദുബൈയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 6.8കിലോഗ്രാം കഞ്ചാവുമായി മലയാളി പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസ് (26) ആണ് ഇന്നലെ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്കിടെ പിടിയിലായത്. ഇയാളെ ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ദുബൈയിലേക്കുള്ള എയര്‍ഇന്ത്യയുടെ ഐഎക്‌സ് 813 വിമാനത്തില്‍ കഞ്ചാവ് കടത്തനായിരുന്നു ശ്രമം. ലഗേജിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകളില്‍ സുരക്ഷിതമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. എയര്‍ഇന്ത്യ വിമാനകമ്പനി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ സുഹൃത്ത് ദുബൈയിലേക്ക് കൊണ്ടു പോകാന്‍ ഏല്‍പ്പിച്ചതാണ് പൊതികളെന്നും ഇതില്‍ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നുമാണ് പ്രതി എയര്‍ഇന്ത്യ അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ മംഗലാപുരം ബജ്‌പെ പൊലീസിന് കൈമാറി. റിയാസിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.