പോകിമോന്‍ ഗോയിലെ കഥാപാത്രങ്ങളെ തേടി കാറില്‍ കറങ്ങിയ യുവാക്കള്‍ക്ക് നേരെ വെടിവെയ്പ്പ്; കള്ളന്മാരെന്ന് സംശയിച്ചാണ് സമീപവാസി നിറയൊഴിച്ചത്

ന്യൂയോര്‍ക്ക്: പോകിമോന്‍ ഗോ ഗെയിം വിപണിയില്‍ ഇറങ്ങിയ മുതല്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ ഗോയിലെ കഥാപാത്രത്തെ തേടി പുറത്തിറങ്ങുന്നവര്‍ അപകടത്തില്‍ പെട്ട വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളെ തേടി രാത്രിയില്‍ കാറില്‍ കറങ്ങി നടന്ന യുവാക്കള്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. കള്ളന്മാരെന്ന് സംശയിച്ചാണ് സമീപവാസി യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ യുവാക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. നിനക്ക് കിട്ടിയോ…? എന്ന് യുവാക്കള്‍ തമ്മില്‍ ചോദിച്ചതാണ് അയല്‍വാസിയെ സംശയത്തിലാക്കിയത്.

വെടിയൊച്ച കേട്ടതോടെ യുവാക്കള്‍ കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. പിറ്റേന്ന് കാറില്‍ ബുള്ളറ്റുകള്‍ തറച്ചതിന്റെ പാടുകള്‍ കണ്ടെത്തി. പോക്കിമോന്‍ ഗോ ഗെയിം കളിച്ച് നിരവധി പേര്‍ അപകടത്തില്‍ പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഗെയിം കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയന്റ്‌റിക് സോഫ്ട്‌വെയര്‍ ഡെവലെപിങ് കമ്പനി നിര്‍മ്മിച്ച ഒരു മൊബൈല്‍ ഗെയിം ആണ് പോകിമോന്‍ ഗോ. ഓഗ്‌മെന്റഡ് റിയാലിറ്റി മാപ്പുമായി സംയോജിപ്പിച്ചാണ് ഗെയിം രൂപപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.