കടയുടെ മുമ്പില്‍ മൂത്രമൊഴിക്കുന്നത് എതിര്‍ത്ത കടയുടമയെ മര്‍ദിച്ച് കൊലപ്പെടുത്തി; ഒളിവില്‍ പോയ പ്രതി വ്യാപാരിയുടെ മരണവിവരമറിഞ്ഞ് തൂങ്ങി മരിച്ചു

കൊല്ലം: വസ്ത്രസ്ഥാപനത്തിനു മുമ്പില്‍ മൂത്രമൊഴിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മര്‍ദനമേറ്റ കടയുടമ ചികിത്സയിലിരിക്കെ മരിച്ചു. മര്‍ദനക്കേസില്‍് ഒളിവില്‍പോയ പ്രതി വ്യാപാരിയുടെ മരണവിവരമറിഞ്ഞ് തൂങ്ങി മരിച്ചു. ഇടയ്ക്കാട് ജങ്ഷനില്‍ തുളസി ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന പോരുവഴി ഇടയ്ക്കാട് കുളക്കണ്ടത്തില്‍ ബാബു വിഹാറില്‍ ചന്ദ്രബാബുവാണ് (57) മരിച്ചത്. ് ഇടയ്ക്കാട് ചരുവില്‍പുത്തന്‍ വീട്ടില്‍ അജിത്തിനെ (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തുളസി ടെക്‌സ്‌റ്റൈല്‍സിനു സമീപം ചിലര്‍ പതിവായി മൂത്രമൊഴിക്കുന്നതു മൂലമുണ്ടായ ദുര്‍ഗന്ധം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കൈയാങ്കളിയിലെത്തി. സമീപത്തെ ലോറി സ്റ്റാന്‍ഡിലെ പിക്കപ്പ് വാന്‍ ഡ്രൈവറായ അജിത്ത് മൂത്രമൊഴിക്കാന്‍ എത്തിയപ്പോള്‍ ചന്ദ്രബാബു കടയില്‍ നിന്ന് ഇറങ്ങിച്ചെന്നു വിലക്കി. വാക്കേറ്റത്തെത്തുടര്‍ന്ന് ചന്ദ്രബാബുവിനെ അജിത്ത് മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ചവിട്ടും അടിയുമേറ്റ ചന്ദ്രബാബു മൂക്കില്‍ താക്കോല്‍ക്കൂട്ടം കൊണ്ടുള്ള ഇടി കിട്ടിയതോടെ താഴെവീണു. ഓടിക്കൂടിയവര്‍ ചന്ദ്രബാബുവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രബാബു മരിച്ചു.

© 2024 Live Kerala News. All Rights Reserved.