കരിങ്കുന്നം സിക്‌സസിലെ കാഴ്ച്ചപ്പെരുമ

സരുണ്‍ എ ജോസ്
മഞ്ജു വാര്യര്‍ ജയിലില്‍ വോളിബോള്‍ കോച്ചിന്റെ റോളിലെത്തുന്ന സിനിമ എന്നായിരുന്നു കരിങ്കുന്നത്തിന്റെ ഹൈലൈറ്റ്. വോളിബോള്‍ പ്രേമികളല്ലാത്തവരെ കൂടി പിടിച്ചിരുത്തുന്ന ഫീല്‍ ഗുഡ് സിനിമയാണ് കരിങ്കുന്നം സിക്‌സസ്. മഞ്ജു വാര്യര്‍ക്ക് സിനിമയിലേക്കുള്ള രണ്ടാം വരവില്‍ ലഭിച്ച കഥാപാത്രങ്ങളില്‍ മികച്ചത്. കണ്ടു കഴിഞ്ഞാല്‍ ക്രേസി ഗോപാലനും വിന്ററും, തേജാ ബായ് ആന്റ് ഫാമിലിയും ഫയര്‍മാനും ഒരുക്കിയ ദീപു കരുണാകരന്‍ തന്നെയാണോ കരിങ്കുന്നവുമൊരുക്കിയതെന്ന് സംശയിച്ച് പോകും. സിനിമയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ആദ്യ അരമണിക്കൂറിലെ ചില വിരസതകളൊഴിച്ച് നിര്‍ത്തിയാല്‍ കരിങ്കുന്നം കല്ലുകടിയില്ലാതെ കാണാം. കരിങ്കുന്നം ടീമുടമയും കോച്ചുമായ എബിയുടെ ( അനൂപ് മേനോന്‍) വോളിബോള്‍ പ്രേമം ഭാര്യ വന്ദനയോടും (മഞ്ജു വാര്യര്‍ ) ടീമിലെ കളിക്കാരോടും മാറി മാറി നടത്തുന്ന സംഭാഷണങ്ങളില്‍ പ്രകടമാകുന്നു. ഈ സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. വോളിബോളിനെ കൂടുതല്‍ ജനകീയമാക്കുകയും കളിക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഐപിഎല്‍ മാതൃകയില്‍ വിപിഎല്‍ ആരംഭിക്കുകയാണ് എബിയുടെ ലക്ഷ്യം. ഇതിനായി എബി സമീപിക്കുന്നവരാകട്ടെ കച്ചവട താത്പര്യങ്ങള്‍ മാത്രമുള്ളവരും . സാമ്പത്തിക പ്രലോഭനങ്ങളില്‍ വീഴാഞ്ഞ എബിക്ക് താന്‍ വളര്‍ത്തിയെടുത്ത കളിക്കാരുമായി ഒരു ഘട്ടത്തില്‍ ഏറ്റുമുട്ടേണ്ടി വരുന്നു. പരിശീലിപ്പിക്കാനാകാത്ത വിധം എബിയുടെ ആരോഗ്യം മോശമാകുന്നു.

2

കണ്ട് ശീലിച്ച അനൂപ് മേനോന്‍ മാനറിസങ്ങളും കളി പ്രേമം അറിയിക്കാനുള്ള പൊലീസ് കഥാപാത്രത്തിന്റെ സ്‌റ്റൈല്‍ ഡയലോഗുകളും സിനിമയുടെ ആദ്യ ഭാഗത്ത് മുഴച്ച് നില്‍ക്കുന്നുണ്ട്. സിനിമ കൊണ്ട് പോകുന്നത് എബിയല്ലാത്തതിനാല്‍ കുഴപ്പമില്ല.(എങ്കിലും കോച്ചും ടീമുടമയുമായ എബിയെ എവിടെ വെച്ചെങ്കിലും സംവിധായകന് പന്ത് തട്ടിക്കാമായിരുന്നു.) എബിക്ക് പരിക്കേല്‍ക്കുകയും കളിക്കാര്‍ കൂടുമാറിയതോടെയും കളി പ്രേമി കൂടിയായ വന്ദനയില്‍ (മഞ്ജു ) ഉത്തരവാദിത്തങ്ങളേറുന്നു. കരിങ്കുന്നത്തിനായി കളിക്കാരെ തേടിയുള്ള അന്വേഷണം വന്ദനയെ ജയിലിനുള്ളിലേക്കെത്തുകയാണ്. ഇവിടം തൊട്ട് സിനിമ ജീവനുള്ളതാകുന്നു.
കോച്ചിന്റെ റോളിലെത്തിയ മഞ്ജു കഥാപാത്രമായി മാറി. ചിത്രത്തിനായി നടത്തിയ ഗൃഹപാഠം ചെറുതല്ലെന്ന് മനസ്സിലാകും.ജയില്‍ അന്തേവാസികളായി വേഷമിടുന്ന ബാബു ആന്റണി, ബൈജു, സുധീര്‍ കരമന, ജേക്കബ് ഗ്രിഗറി, നന്ദു, പദ്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ കഥാപാത്രങ്ങളെ മികച്ചതാക്കി. പത്തു പതിനഞ്ച് വര്‍ഷത്തിനിടക്ക് ബൈജുവിന് ലഭിച്ച ശ്രദ്ധേയമായ വേഷമാണ് ഇതിലുള്ളത്. വില്ലന്‍ സ്വഭാവമുള്ള (ഇടയ്ക്ക് മാറുന്നുണ്ട് ) നെല്‍സണ്‍ എന്ന കഥാപാത്രം സുരാജ് വെഞ്ഞാറമൂട് ഗംഭീരമാക്കി. പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട ശ്രീജിത്ത് രവിയ്ക്കും ശ്രദ്ധേയമായ റോളുണ്ട്.

3

വ്യത്യസ്ത സ്വഭാവക്കാരുള്ള ജയിലിനകത്തേക്ക് വനിതാ കോച്ച് എത്തുമ്പോഴുള്ള കോലാഹലങ്ങള്‍ ഊഹിക്കാം. പരിശീലനവും അരങ്ങേറ്റവും ഇടയ്ക്കിടെയെത്തുന്ന പ്രതിസന്ധികളെല്ലാം താണ്ടി സിനിമ രസകരമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഒത്തുകളിയും ചതിയും ഭയവും, പരിഹാസവുമൊക്കെ മത്സരങ്ങളില്‍ കരിങ്കുന്നത്തിന് തടസ്സമാകുന്നുണ്ടെങ്കിലും ‘സിനിമാറ്റിക് നിമിത്തങ്ങള്‍ ‘ സാഹചര്യങ്ങളെ അനുകൂലമാക്കുന്നു. മുക്കാല്‍ മണിക്കൂറോളം കളിക്കളത്തിലെ ദൃശ്യങ്ങള്‍ വിരസത കൂടാതെ സ്‌ക്രീനിലെത്തിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു. ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതല്ലെങ്കിലും പാട്ടുകള്‍ ബോറടിപ്പിച്ചില്ല. പശ്ചാത്തല സംഗീതവും മികവാര്‍ന്നു. സ്‌പോര്‍ട്‌സ് സിനിമ എന്ന ലേബലിനെക്കാള്‍ നല്ല എന്‍ടര്‍ടെയ്‌നറാണ് കരിങ്കുന്നം 6 ‘s എന്നു പറയാം. വോളിബോളിനോട് കളി പ്രേമികള്‍ക്കുള്ള വൈകാരികതയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ലക്ഷ്യം വെച്ചെതെങ്കില്‍ കുറച്ചൊക്കെ പാളി.അനൂപ് മേനോന്‍ ഡയലോഗുകളിലും ബാക്ക് ഗ്രൗണ്ടില്‍ സ്ഥാപിച്ച ജിമ്മി ജോര്‍ജിന്റെ ചിത്രം ഫോക്കസ് ചെയ്തും ഇടയ്ക്ക് ബ്ലര്‍ ചെയ്തും, അവസാനം പേരെഴുതി കാണിച്ചാലും അത് അനുഭവപ്പെടണമെന്നില്ലല്ലോ. വോളിബോള്‍ പ്രേമിയല്ലാത്ത എനിക്കുള്‍പ്പെടെ കഥാപാത്രങ്ങളെക്കാള്‍ വോളിബോളിനോടിഷ്ടം തോന്നാന്‍ ഇത് മതിയായില്ല. അത് മാറ്റി നിര്‍ത്തിയാല്‍ കരിങ്കുന്നം നിരാശപ്പെടുത്തില്ല, ധൈര്യമായിത്തന്നെ ടിക്കറ്റെടുക്കാവുന്നതാണ്.