ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന ദരിദ്രരായ കുട്ടികളെ സഹായിക്കും; ഉപകരണങ്ങളുടെ അഭാവം കൊണ്ട് വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ പിറകിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലണ്ടന്‍: ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യയിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ദരിദ്രരായ കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ വേണ്ട സഹായം ചെയ്ത് കൊടുക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘ഒരു പ്രത്യേക ബാറ്റു വാങ്ങാന്‍ ആഗ്രഹിക്കുകയും അതേസമയം പോക്കറ്റില്‍ പൈസ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന വേദന എനിക്കു നന്നായി അറിയാം. അതിനാല്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കേണ്ടതുണ്ടെന്ന്’ സച്ചിന്‍ പറഞ്ഞു. ഉപകരണങ്ങളുടെ അഭാവം കൊണ്ട് വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ പിറകിലേക്കു പോകുന്നില്ലെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും സച്ചിന്‍ പറഞ്ഞു. ലണ്ടനില്‍ സ്പാര്‍ടന്‍ ഇന്റര്‍നാഷണലില്‍ നിക്ഷേപം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാവപ്പെട്ട ഒരുപാട് കുട്ടികള്‍ രാജ്യത്തിനുവേണ്ടി കളിക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പറ്റിയ ഉപകരണങ്ങളുടെ അഭാവം കാരണം. എനിക്കു അവരെ സഹായിക്കാന്‍ താല്‍പര്യമുണ്ട്. ഒരു ബാറ്റിനു കേടുപറ്റിയാല്‍ മറ്റൊന്ന് എങ്ങനെ കണ്ടെത്തുമെന്ന ടെന്‍ഷന്‍ അവരില്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടതു ചെയ്യുമെന്നും’ സച്ചിന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.