അബ്ദുല്‍നാസര്‍ മഅ്ദനിയും ഭരണകൂടവും

എസ്. വിനേഷ് കുമാര്‍

രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കര്‍ണ്ണാടകയിലായിരുന്നു. ചെയ്ത കുറ്റം എന്താണെന്ന്‌പോലും മനസ്സിലാക്കാത്തവരുള്‍പ്പെടെ ഭരണകൂടം ഒരുക്കിയ തടവറകളില്‍ ജീവിതം ഉരുകിത്തീരുന്നവരില്‍ മുക്കാല്‍ പങ്കും ദളിതരും മുസ്ലിങ്ങളുംതന്നെ. അങ്ങനെ ഭരണകൂടം തന്ത്രപരമായി ഒരുക്കിയൊരു ഫ്രയിമിനകത്താണ് അബ്ദുല്‍നാസര്‍ മഅ്ദനി ഇപ്പോള്‍. നീതിന്യായ സംവിധാനങ്ങളുടെ കാരുണ്യംകൊണ്ട് മാത്രം ജയിലിന് പുറത്തെത്തിയ മനുഷ്യന്‍. ജാമ്യം ലഭിച്ച് ചികിത്സയിലായിട്ടും ഭരണകൂടം വിടാതെ പിന്തുടരുമ്പോള്‍ പലപ്പോഴും പ്രതികരിക്കാനാവാതെ നിസ്സഹായനായിപ്പോയ മഅ്ദനിയെയാണ് നാം കണ്ടുപഠിക്കുന്നത്. തൊണ്ണുറുകളുടെ ആദ്യപകുതിയില്‍ ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അരക്ഷിതാവസ്ഥയിലായ മുസ്ലിംസമുദായത്തിന്റെ രക്ഷകവേഷം ധരിച്ചായിരുന്നു മഅദ്‌നി രംഗപ്രവേശം ചെയ്തത്. മുസ്ലീംലീഗിന് തീവ്രതകുറഞ്ഞുപോയെന്ന കാരണംകൊണ്ട് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ സമുദായത്തെ കൂടുതല്‍ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിച്ചതില്‍ അബ്്ദുല്‍നാസര്‍ മഅ്ദനിയുടെ പങ്ക് ചെറുതല്ലായിരുന്നു. ബാബറിമസ്ജിന്റെ തകര്‍ച്ചയോടെയാണ് കേരളംപോലുള്ള അത്രത്തോളം സെക്യുലര്‍ അല്ലെങ്കിലും ഇന്റലക്ച്വലായൊരു പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന സമൂഹത്തില്‍തീവ്രവും അതിതീവ്രവുമായ സമുദായപ്രസ്ഥാനങ്ങള്‍ ഉടലെടുത്തതും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതും. മിതവാദവും മതേതരത്വവും പ്രകടിപ്പിച്ച മുസ്ലിലീഗ്‌പോലുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്ക് ഈ സംഭവത്തോടെ ഇടംകുറഞ്ഞപ്പോള്‍ ആ സ്‌പെയിസിലാണ് മഅ്ദനിയും പ്രസ്ഥാനവും മുസ്ലിം യുവത്വത്തെ തീവ്രമായൊരു കൂടിനകത്തേക്ക് ആനയിച്ചത്. എന്നാല്‍ പിന്നീട് സംഘ്പരിവാറിലധിഷ്ഠിതമായ ഭരണകൂടം ഒരുക്കിയ വലയിലേക്ക്
മഅ്ദനി ഓടിച്ചെന്ന് അകപ്പെടുകയും ചെയ്തു. കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരിയിലും സമീപപ്രദേശങ്ങളിലും മതപ്രഭാഷണവുമായി നടന്ന ഉസ്താദില്‍ നിന്ന് തീവ്രപ്രാസംഗികനും സമുഹം കരുതുന്നപോലുള്ള വര്‍ഗീയവാദിയായ അബ്ദുല്‍നാസര്‍ മഅ്ദനിയിലേക്കുമുള്ള ദൂരം നന്നേ കുറവായിരുന്നു. അതേസമയം മഅ്ദനിയില്‍ നിന്ന് നിരപരാധിയെന്ന ഒരു മനുഷ്യനിലേക്കുള്ള ദൂരം ദീര്‍ഘമാണിപ്പോള്‍. കാരണം അത് നിശ്ചയിക്കപ്പെടുന്നത് ഭരണകൂടമാണല്ലൊ. നീതിന്യായ സംവിധാനത്തെപ്പോലും അവര്‍ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. വിഷലിപ്തമായ മഅ്ദനിയുടെ ഭൂതകാലം മാത്രംമതി ഭരണകൂടത്തിനും ബ്രാഹ്മണിക് ഹിന്ദുത്വശക്തികള്‍ക്കും അദേഹത്തെ ജീവിതകാലം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കാന്‍. ആ ഉത്തരവാദിത്വം അവര്‍ കൃത്യമായി നിറവേറ്റുകയും ചെയ്യുന്നു.

mad 2
ജാമ്യം ലഭിക്കുന്ന പക്ഷം ഓരോ കാരണങ്ങളുണ്ടാക്കി മഅ്ദനിയുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കാന്‍ കര്‍ണ്ണാടക പൊലീസ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഡിഗോ വിമാന അധികൃതരുടെ നടപടിയും അതുമായി കൂട്ടിവായിക്കേണ്ടത് തന്നെയാണ്. 2013 മാര്‍ച്ചില്‍ മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അദേഹത്തിന് അനുമതി നല്‍കിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ മഅ്ദനിയെ തടയുകയായിരുന്നു. കൂടെയുള്ള സുരക്ഷാജീവനക്കാരന്റെ കയ്യില്‍ ഗണ്‍ സൂക്ഷിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന് പറഞ്ഞണ് അന്ന് യാത്ര തടസ്സപ്പെടുത്തിയത്. അടുത്തദിവസമാണ് അദേഹത്തിന് നാട്ടിലേക്ക് യാത്ര തിരിക്കാനായത്. സുരക്ഷാജീവനക്കാരന്റെ ഗണ്ണിന് അനുമതി സമ്പാദിക്കേണ്ടത് മഅ്ദനി അല്ലെന്നുംകൂടി മനസ്സിലാക്കുക. 2014 ജൂലൈയില്‍ അദേഹത്തിന് ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ബാംഗ്ലൂര്‍ വിട്ട് പോകാന്‍ പാടില്ലെന്നായിരുന്നു ഉപാധി. എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അദേഹത്തിന്റെ മോചനത്തിന് തടസ്സമായിനിന്നു. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര പ്രത്യേക കോടതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും അദേഹത്തെ ജാമ്യത്തില്‍ വിടണമെങ്കില്‍ ബാംഗ്ലൂര്‍ എന്‍ഐഎ കോടതി, കോയമ്പത്തൂര്‍ കോടതി, എറണാകുളം കോടതി ഇവിടുന്നുള്ള ജാമ്യത്തിന്റെ ഉത്തരവുകള്‍ വേണമെന്നായി. ഇതെല്ലാം ശരിയായപ്പോഴത്തേക്കും നേരമിരുട്ടിയിരുന്നു. അന്ന് അദേഹം ഇറങ്ങുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ മഅ്ദനിയെ വിമാനത്തില്‍ കയറ്റില്ലെന്ന് ഇന്‍ഡിഗോ ഫ്‌ളൈറ്റ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണോ അദേഹം കഴിഞ്ഞകാലങ്ങങ്ങളില്‍ യാത്ര ചെയ്തിരുന്നതെന്നറിയില്ല. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അദേഹം കുറ്റക്കാരനാണെന്ന് ഇതുവരെ ഒരു കോടതിക്കും കണ്ടെത്താനായിട്ടില്ല. വിചാരണത്തടവുകാരനായി ജീവിതം ജയിലില്‍ എണ്ണിത്തീര്‍ക്കുകയാണ് ഈ മനുഷ്യന്‍. കര്‍ണ്ണാടകയില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും സംഘ്പരിവാറിനെക്കാള്‍ ഇരട്ടി ‘ദേശീയബോധ’ മുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളതെന്ന് നേരിട്ട് ബോധ്യമായ കാര്യമാണ്.

mad3

മുസ്ലിം സമുദായം രാജ്യത്ത് നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള മഅ്ദിനിയുടെ പ്രസംഗം വര്‍ഗീയതയില്‍ സ്ഫുടം ചെയ്‌തെടുത്താണ് സംഘ്പരിവാറിനൊപ്പം ഭരണകൂടവും മഅ്ദനി വേട്ടയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. വിസ്മരിക്കരിക്കാനാത്ത ഭൂതകാലത്തിന്റെ ഭാണ്ഡം വഴിയില്‍ ഉപേക്ഷിച്ചെങ്കിലും ഭരണകൂടത്തിന്റെ ഫ്രയിമില്‍ അദേഹം ഭീകരവാദിതന്നെയായി മാറി. മഅദ്‌നിയുടെ ഭൂതകാലം വര്‍ഗീയമായൊരു പ്ലാറ്റ്‌ഫോമിലായിരുന്നെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. അദേഹത്തിന്റെ പ്രഭാഷണങ്ങളിലെല്ലാം അത് പ്രകടമാകുകയും ചെയ്തു. ഇസ്ലാമികവും അനിസ്ലാമികവുമായ വേര്‍തിരിവുകളിലേക്ക് അത് കാരണമായി. സിഡി കാസറ്റ് പ്രചാരത്തില്‍ കുറവായിരുന്ന ആ കാലത്ത് കയ്യിലൊതുങ്ങാത്ത വലിയ വീഡിയോ കാസറ്റുമായ വിസിപിക്കും വിസിആറിനും മുന്നില്‍ ചടഞ്ഞിരുന്നവര്‍ക്കും മഅ്ദനിയുടെ പ്രകോപനപരമായ വാക്കുകള്‍ അരക്ഷിതമായ ജീവിതവഴികളില്‍ കാലിടറിയ മുസ്ലിം യവനങ്ങള്‍ക്കും ഒരുപോേെല ഉത്തേജനം പകര്‍ന്നു. സംഘ്പരിവാറിസം പ്രബുദ്ധകേരളത്തിന്റെ മടിത്തട്ടിലും പിച്ചവെച്ച് നടക്കുന്ന കാലത്തായിരുന്നത്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ഐഎസ്എസുമായി മഅദ്‌നിയും സഹായികളും രംഗത്തിറങ്ങിയതോടെ കൂടുതല്‍ അപകടകരമായൊരു അവസ്ഥയിലേക്ക് കേരളത്തിന്റെ ഭാവി അനിശ്ചിമായി നീങ്ങി. ഇതിനിടെ ആര്‍എസ്എസ് ബോംബേറില്‍ മഅ്ദിനിയുടെ വലതുകാല്‍ നഷ്ടമായി. എതിര്‍പക്ഷത്ത് നില്‍ക്കാന്‍ ഒരു ഇരയെ സംഘ്പരിവാര്‍ തേടുന്ന വേളയില്‍ അവരുടെ കാവിവലയുടെ അകത്തേക്ക് തന്നെ മഅ്ദനി കുതിച്ചു. ഭരണകൂടത്തിനും അങ്ങനെയൊരാളെ ഫ്രെയിംചെയ്യേണ്ട കാലമായിരുന്നത്. ഭരണകൂട ഭീകരതയുടെ ഇരകളാകുന്നവരുടെ ജീവിതസാഹചര്യം പരിശോധിച്ചാല്‍തന്നെ പിന്നോക്കമേഖലയിലുള്ള ദളിതനോ മുസ്ലിമോ ആയിരിക്കും ഏറിയ പങ്കും. ബ്രാഹ്മണിക് ആയ ഭരണകൂടസംവിധാനത്തിന് ആരെയും അങ്ങനെ വേട്ടയാടാന്‍ കഴിയും. കേരളംപോലും അതില്‍ നിന്ന് വിഭിന്നമല്ല. പിന്നീട് മഅദ്‌നിയിലുണ്ടായ മാനസാന്തരത്തില്‍ നിന്നാണ് ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടത്. പിഡിപി എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപമായപ്പോള്‍ ദളിത്-ആദിവാസി പിന്നോക്ക ന്യൂനപക്ഷ ക്ഷേമമായിരുന്നു അതിന്റെ പ്രത്യയശാസ്ത്രപരമായ ലൈന്‍. എന്നാല്‍ അബ്ദുല്‍നാസര്‍ മഅദ്‌നിയെന്ന വ്യക്തി ഇതിനകംതന്നെ സ്‌കെച്ച് ചെയ്യപ്പെട്ടിരുന്നുവെന്ന വസ്തുത അദേഹംപോലും മനസിലാക്കിയത് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിലായവേളയിലാണ്. ഇതിനിടെ മുസ്ലിംലീഗിന്റെ പൊതുശത്രുവായി വിശേഷിക്കപ്പെട്ടു മഅ്ദനി. അദേഹത്തിന്റെ ഫോണ്‍കോള്‍ പരിശോധനയിലൂടെയാണ് അല്‍ ഉമ്മ പ്രവര്‍ത്തകരുമായുള്ള ബന്ധവും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ബന്ധവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടത്. ഇ.കെ നായനാര്‍ കേരളമുഖ്യമന്ത്രിയായവേളയില്‍ മഅ്ദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലിലായി. ഒമ്പത് വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണതടവുകാരനായി. ഇതിനിടെ നിരവധി രോഗങ്ങള്‍ അദേഹത്തെ വേട്ടയായി. ആരോഗ്യം ക്ഷയിച്ച് പ്രമേഹവും കാഴ്ച്ചക്കുറവുംമൂലം ഏറെ വിഷമതകള്‍ അനുഭവിക്കുമ്പോള്‍തന്നെ അദേഹം കുറ്റക്കാരനണെന്ന് കണ്ടെത്താന്‍ ജുഡീഷ്യറിക്കും കഴിഞ്ഞില്ല.

madni
ജയില്‍മോചിതനായെങ്കിലും ഭരണകൂടം അദേഹേെത്ത നിര്‍ദാക്ഷിണ്യം വേട്ടയാടല്‍ തുടരുകയായിരുന്നു. തെറ്റുകള്‍ പലതും ഏറ്റുപറഞ്ഞ് മഅ്ദനി പുതിയൊരാളാകുന്നതിന് കേരളം സാക്ഷ്യംവഹിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച പിഡിപിയും മഅ്ദനി ഫാക്ടറും എല്‍ഡിഎഫിന് ഗുണവും ദോഷവുമുണ്ടാക്കി. കേരളത്തില്‍ ഏറെ ചര്‍ച്ചയായൊരു തിരഞ്ഞെടുപ്പുകൂടിയായിരുന്നത്. ഇതിനിടെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അദേഹത്തെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും വിചാരത്തടവുകാരനായ മഅ്ദനി കുറ്റക്കാരനാണോ അല്ലെയൊയെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ മാനുഷികപരിഗണനയ്ക്ക്‌പോലും കോടതിയുടെ കൈത്താങ്ങ് വേണ്ടിവന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാകുമ്പോള്‍ ഉദ്യോഗസ്ഥരാകട്ടെ സംഘ്പരിവാറിസത്തിന്റെ പ്രായോഗികവക്താക്കളാകുന്നതാണ് പിന്നീട് ഓരോ സന്ദര്‍ഭങ്ങളിലും കാണാന്‍ കഴിഞ്ഞത്. ലഷ്‌കര്‍ ഭീകരന്‍ തടിയന്റെവിടെ നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅ്ദിനുടെ അറസ്‌റ്റെന്നാണ് കര്‍ണാകട സര്‍ക്കാറിന്റെ വാദം. ഇത് തട്ടിപ്പാണെന്ന് തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന തെഹല്‍ക റിപ്പോര്‍ട്ടര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. മഅദ്‌നി മുക്കത്തുള്ള സ്വകാര്യ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അദേഹം കര്‍ണ്ണാടകയിലെ കൂര്‍ഗിലെ മടിക്കേരിയില്‍ വച്ച് തടിയന്റവിട നസീറുമായി ചര്‍ച്ച നടത്തിയെന്ന് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന സാക്ഷികളെല്ലാംതന്നെ തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് ഒപ്പ് ഇടിവിച്ചതാണെന്ന് വ്യക്തമാക്കിയിട്ടും ഭരണകൂടം മഅ്ദനിയെ വെറുതെ വിട്ടില്ല. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണകാലാവധി ഒരുവര്‍ഷത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മഅ്ദിനി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചാല്‍ത്തന്നെ ബാംഗ്ലൂര്‍-ദല്‍ഹി-അഹമദാബാദ് സ്‌ഫോടനങ്ങള്‍ ലിങ്ക് ചെയ്യാനാകും അടുത്ത പദ്ധതിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെയൊരു കേസ് ഫ്രയിം ചെയ്ത് മഅ്ദനിയുടെ തുടര്‍ന്നുള്ള ജീവിതം തടവറകളില്‍ മാത്രമാക്കാനുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കാരണം മൃഗീയ ഭൂരിപക്ഷം നേടി നരേന്ദ്രമോഡി സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.