തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനി പടര്‍ന്നു പിടിക്കുന്നു

തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനി പടര്‍ന്നു പിടിക്കുന്നു
തൃശൂര്‍: കരിമ്പനിയ്ക്ക് പിന്നാലെ തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനി പടരുന്നു. പതിനാറ് പേര്‍ക്കാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ നഗരസഭാ പരിധിയില്‍. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. തൃശൂര്‍ മുള്ളൂര്‍ക്കര എടപ്പാറക്കോളനിയിലെ കരിമ്പനി ഭീതി അകലുന്നതിന് മുമ്പാണ് ജില്ല തക്കാളിപ്പനിപ്പിടിയിലായിരിക്കുന്നത്. പതിനാറ് പേര്‍ക്കാണ് തക്കാളിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ കുട്ടികളടക്കമുള്ള നാലുപേര്‍ തൃശൂര്‍ നഗരസഭാ പരിധിയിലാണ്. കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളുമുണ്ടാകുന്നതാണ് രോഗ ലക്ഷണം. വായുവിലൂടെയാണ് തക്കാളിപ്പനി പകരുന്നത് എന്നതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് സാഹചര്യത്തെ നോക്കിക്കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീടത് നിയന്ത്രണ വിധേയമായിരുന്നു. വര്‍ഷകാലമെത്തിയതോടെ തക്കാളിപ്പനി ജില്ലയില്‍ തിരിച്ചു വരികയായിരുന്നു.

തൃശൂര്‍ നഗരസഭാ പരിധി കഴിഞ്ഞാല്‍ വാടാനപ്പള്ളി മേഖലയിലാണ് തക്കാളിപ്പനി ബാധിതര്‍ ഏറെയുള്ളത്. ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പനി ഭേദമാകുമെന്നതിനാല്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം ഡങ്കിപ്പനി പടരുന്നതും ജില്ലയെ ആശങ്കയിലാഴ്തിയിട്ടുണ്ട്. അറുപത് പേര്‍ക്കാണ് ഇക്കൊല്ലം ജില്ലയില്‍ ഡങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളില്‍ പന്ത്രണ്ട് പേരില്‍ ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. പരിസര ശുചിത്വമില്ലായ്മയാണ് ജില്ലയിലേക്ക് പകര്‍ച്ചവ്യാധികള്‍ കൂട്ടത്തോടെ എത്താനുള്ള കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.