മലയാളിയുടെ ലൈംഗിക അപകര്‍ഷതയും സദാചാര ഗുണ്ടായിസവും

സംഗീത ചേനംപുല്ലി

sangeetha chenapulli

രണ്ട് മനുഷ്യര്‍ തമ്മിലുള്ളതില്‍ ഏറ്റവും സ്വാഭാവികമായ ബന്ധം സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ് എന്ന് പറഞ്ഞത് മാര്‍ക്‌സ് ആണ്. എങ്ങനെയാണ് ഈ ബന്ധത്തിന്റെ സ്വഭാവം എന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ സൂചകമാണ് എന്ന് കൂടി അദ്ദേഹംപറഞ്ഞു വെയ്ക്കുന്നുണ്ട്. സ്ത്രീയെ പുരുഷന്റെ അധീനതയിലുള്ള ഒരു വസ്തു മാത്രമായി കാണുന്ന സമൂഹം അവള്‍ക്ക് ചുറ്റും വേലിക്കെട്ടുകള്‍ തീര്‍ക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ സാമൂഹ്യാവസ്ഥ. ഈ മനോഭാവത്തിന്റെ ഇത്തിരി കൂടി കടന്ന രൂപമാണ് സദാചാര പോലീസിംഗ് എന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന അക്രമങ്ങള്‍. ഇതിനൊപ്പം ലൈംഗിക അസൂയയും മോബോക്രസിയും കൂടിച്ചേര്‍ന്ന ഭീകര, പ്രാകൃത രൂപം എന്ന് ചുരുക്കിപ്പറയാം. ദുരാചാരപോലീസ് എന്നാണു വിളിക്കേണ്ടിയിരുന്നത് എന്നത് വേറെ കാര്യം. കോഴിക്കോട് ജില്ലയില്‍ മുക്കം ഷാഹിദ് ബാവ കൊലപാതകം, ചുംബനസമരത്തിലേക്ക് നയിച്ച ഡൌണ്‍ടൌണ്‍ കഫേ ആക്രമണം, ആലപ്പുഴയിലെ ദമ്പതിമാരെ ആക്രമിച്ച കാക്കിയിട്ടവരുടെ അനീതി, മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ നടന്ന സദാചാര ഗുണ്ടകളുടെ ആക്രമണം, തുടങ്ങി കേരളത്തില്‍ അങ്ങിങ്ങോളം നടന്ന വ്യക്തിഹത്യകള്‍ എന്നിവക്കൊടുവില്‍ മലപ്പുറത്തെ മങ്കടയില്‍ നസീറിന് മുകളിലും ആള്‍ക്കൂട്ടത്തിന്റെ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നു. വീടിനകത്ത് വച്ച് ആക്രമിക്കുകയും യുവാവിന്റെ മരണം ഉറപ്പ് വരുത്തിയ ശേഷമാണ് ആക്രമികള്‍ പിന്‍വലിഞ്ഞത്. എത്രത്തോളം അപകടകരമാണ് സമൂഹം. കൊലപാതകത്തോളം എത്തുന്നില്ലെങ്കിലും കേരളത്തില്‍ അടുത്തിടപഴകേണ്ടി വരുന്ന ഓരോ സ്ത്രീയും പുരുഷനും സദാചാരസംരക്ഷകരുടെ കൂര്‍ത്തനോട്ടങ്ങളാല്‍ സദാ തുളയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

kiss-of-love

ദുരാചാരപോലീസിംഗിന്റെ പ്രധാനകാരണം സ്വന്തം ലൈംഗികതയ്ക്കുമേല്‍ സ്വയംനിര്‍ണ്ണയാവകാശം സ്ത്രീക്ക് ലഭിക്കുമോ എന്ന പുരുഷന്റെ ആദിമകാലം മുതലേയുള്ള ഭയമാണ്. തനിക്ക് ലഭിക്കാത്ത അവസരം മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന ലൈംഗിക അസൂയയും കാരണമാകുന്നു. ഇന്ത്യയില്‍ നടക്കുന്ന ഗാര്‍ഹികപീഡനങ്ങളില്‍ അമ്പത്തൊന്നു ശതമാനവും സെക്ഷ്വല്‍ ജലസി മൂലം ഉണ്ടാകുന്നതാണ് എന്നപഠനങ്ങള്‍ എളുപ്പത്തില്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. ലൈംഗികതയുടെ കാര്യത്തില്‍ അങ്ങേയറ്റം അടഞ്ഞ സമീപനം പുലര്‍ത്തുന്ന, പരസ്പരപൂരകമായ സ്ത്രീപുരുഷ ബന്ധം എന്താണെന്നറിയാന്‍ അവസരം ലഭിക്കാത്ത, മതപരമായ സങ്കുചിത വിശ്വാസങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ട മലയാളി പുരുഷന്‍ തന്റെ അസ്വസ്ഥതകളെ ഹിംസയുടെ രൂപത്തില്‍ മറ്റുള്ളവരിലേക്ക് പ്രയോഗിക്കുന്നു.

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം അത് ലൈഗികബന്ധം ആണെങ്കില്‍ പോലും അതവരുടെ സ്വകാര്യത ആണെന്ന് മാനിക്കാന്‍ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. പരസ്പരം തടവറകള്‍ ആകുന്ന, മറികടക്കാന്‍ എളുപ്പമല്ലാത്ത വിവാഹബന്ധങ്ങളാണ് മറ്റ് ബന്ധങ്ങളിലേക്ക് പലപ്പോഴും സ്ത്രീപുരുഷന്മാരെ നയിക്കുന്നത്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് പലപ്പോഴും ശാരീരികം എന്നതിനേക്കാള്‍ വൈകാരികമായ ആവശ്യമാണ്. പലപ്പോഴും നമ്മുടെ മാനസികഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും ബന്ധങ്ങളിലെ സംഘര്‍ഷം വഴി പാഴാക്കപ്പെടുന്നു എന്നതും നിസ്സാരമല്ല. അടഞ്ഞ ബന്ധങ്ങള്‍ പുലര്‍ത്തുന്ന സമൂഹങ്ങള്‍ സാമൂഹ്യസൂചികകളില്‍ പിന്നോക്കം നില്‍ക്കുന്നു എന്നത് ഇതിന്റെ നേര്‍സാക്ഷ്യമായി കരുതാം.

moral-policing-3

പങ്കാളിക്കല്ലാതെ മറ്റൊരാള്‍ക്കും രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഇന്ത്യന്‍ നിയമവും അനുശാസിക്കുന്നത്. നീതി നടപ്പാക്കുക എന്നത് ആള്‍ക്കൂട്ടത്തിന്റെ അവകാശം അല്ല തന്നെ.ലൈംഗികതയ്ക്കപ്പുറം ഉള്ള ആരോഗ്യകരമായബന്ധങ്ങള്‍ സ്ത്രീയും പുരുഷനും തമ്മില്‍ സാധ്യമാണ് എന്ന്! നാം ഇപ്പോഴും മനസ്സിലാക്കുന്നില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഗുണപരമായി ഇടപെടാന്‍ ഉപയോഗിക്കേണ്ട ഊര്‍ജ്ജം അയല്‍വക്കത്തെ അടഞ്ഞവാതില്‍ മറവില്‍ എന്ത് നടക്കുന്നു എന്ന് ആകുലപ്പെടാന്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീയായാലും പുരുഷനായാലും സ്വന്തം ലൈംഗികതഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സമ്പൂര്‍ണ്ണ വിവേചനാധികാരം ഉള്ള പൂര്‍ണ്ണ വ്യക്തികളാണെന്ന ബോധ്യത്തിലേക്ക് എന്നാണ് മലയാളി ഉയരുക. കുന്നും മലകളും ഇടിച്ചുനിരത്തല്‍, വയല്‍ നികത്തല്‍, മണല്‍കടത്തല്‍, മരംകടത്ത്, ജലചൂഷണം, അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തവര്‍, അഴിമതിയില്‍ മൂക്കറ്റം മുങ്ങുന്ന ഭരണനേതൃത്വങ്ങള്‍ തുടങ്ങി ഇത്തരം കാര്യങ്ങളിലൊക്കെ പ്രതികരിക്കുകയോ മുന്നിട്ടിറങ്ങുകയോ ചെയ്യാതെ സ്വന്തം കാര്യത്തിന് സിന്ദാബാദ് വിളിക്കുന്നവരാണ് രാത്രിയില്‍ സദാചാരം സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്?

(കോളജ് അധ്യാപികയും എഴുത്തുകാരിയും കവിയുമാണ് ലേഖിക)

© 2024 Live Kerala News. All Rights Reserved.